ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നദികളെ കരകവിഞ്ഞ് ഒഴുകാൻ പ്രേരിപ്പിച്ച് കഴിഞ്ഞു. പല ഭാഗത്തും വെള്ളപ്പൊക്കവും, വെള്ളക്കെട്ടുമാണ്. മഴയിൽ തണുത്ത് വിറങ്ങലിച്ച് ഇരിക്കുന്ന ബ്രിട്ടനെ തണുത്ത് മരവിപ്പിക്കാനായി ഇനി മഞ്ഞിന്റെ വരവാണ്.
ഇന്ന് രാവിലെ മുതൽ തന്നെ ബ്രിട്ടന്റെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കുള്ള സാധ്യതയാണ് മെറ്റ് ഓഫീസ് നൽകുന്നത്. താപനില പൂജ്യത്തിന് താഴേക്ക് പോകാനും, ജീവന് അപകടം നേരിടാനുമുള്ള സാധ്യതകളാണ് ഇതോടൊപ്പം കാണുന്നത്. ആംബർ തണുപ്പ് ആരോഗ്യ അലേർട്ടാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.
-------------------aud--------------------------------
പൂജ്യത്തിന് താഴേക്ക് താപനില കുറയുന്നതോടെ മരണങ്ങൾ വർദ്ധിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹെൽത്ത്, ആംബുലൻസ് സേവനങ്ങൾ സമ്മർദത്തിന് വഴിമാറുകയും ചെയ്യും. നോർത്തേൺ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. സതേൺ ഇംഗ്ലണ്ടിൽ രാവിലെ ഉറക്കമേഴുന്നേൽക്കുമ്പോൾ മഞ്ഞുകണങ്ങൾ വീഴുന്ന കാഴ്ചയും ദൃശ്യമാകും. സ്‌കാൻഡിനേവിയയിൽ നിന്നും സൗത്ത് വെസ്റ്റ് ഭാഗത്തേക്ക് നീങ്ങുന്ന ഫ്രീസിംഗ് കാറ്റാണ് തണുപ്പ് സമ്മാനിക്കുന്നത്. താപനില -4 സെൽഷ്യസിലേക്ക് നീക്കാൻ ഇത് കാരണമായി മാറുന്നത്. തിങ്കളാഴ്ച ലണ്ടനിൽ ഉടനീളം ഐസിനുള്ള മഞ്ഞ മുന്നറയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റ് മേഖലയിൽ രാവിലെ 4 മുതൽ 10 വരെയും മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.
ഗ്രേറ്റർ ലണ്ടൻ, കെന്റ്, സറേ, ഈസ്റ്റ് സസെക്‌സ്, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളിലെ ഐസ്, മഞ്ഞ് മുന്നറിയിപ്പുകൾ റോഡ്, ട്രെയിൻ സർവ്വീസുകളെ ബാധിക്കുന്നതാണ്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങൾക്കായി നൽകിയിട്ടുള്ള ആംബർ തണുപ്പ് ആരോഗ്യ അലേർട്ട് വെള്ളിയാഴ്ച ഉച്ച വരെ നീളും.
© Copyright 2024. All Rights Reserved