മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം എന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നയതന്ത്രതലത്തിൽ ഇന്ത്യക്ക് കത്ത് നൽകി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന ആഗസ്റ്റ് അഞ്ചിന് രാജ്യം വിടുകയും ഇന്ത്യയിൽ അഭയം പ്രാപിക്കുകയുമായിരുന്നു.
-------------------aud--------------------------------
ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി) ഹസീനക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാർക്കും മുതിർന്ന ഉപദേഷ്ടാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ കൂട്ടക്കൊല കുറ്റം ചുമത്തി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശിലെ നിയമനടപടികൾ പൂർത്തിയാക്കാനാണ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സർക്കാറിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈൻ മാധ്യമങ്ങളെ അറിയിച്ചു. നിയമനടപടികളുടെ ഭാഗമായി ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് നയതന്ത്ര തലത്തിൽ കത്ത് നൽകിയതായി തൗഹീദ് ഹുസൈൻ വ്യക്തമാക്കി.ഹസീനയെ ഇന്ത്യയിൽനിന്ന് വിട്ടുകിട്ടാൻ സൗകര്യമൊരുക്കാൻ തൻറെ ഓഫിസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലമും വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറൽ കരാറുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആലം പറഞ്ഞു. കഴിഞ്ഞയാഴ്ച ഇന്ത്യൻ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിക്കുകയും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ഇടക്കാല സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved