ബംഗ്ലാദേശി സമാധാന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ശിക്ഷാവിധി. യൂനുസും അദ്ദേഹത്തിന്റെ ഗ്രാമീൺ ടെലികോമിലെ സഹപ്രവർത്തകരും തൊഴിലാളികൾക്ക് ക്ഷേമഫണ്ട് അനുവദിച്ച് നൽകിയില്ലെന്ന കേസിലാണ് നടപടി. തൻെറ പയനറിംഗ് മൈക്രോഫിനാൻസ് ബാങ്കിങ്ങിലൂടെ ദരിദ്രരായ ആളുകൾക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് 83കാരനായ മുഹമ്മദ് യൂനുസ്
2006ലാണ് യൂനുസിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പലപ്പോഴും വിവിധ വിഷയങ്ങളിൽ യൂനുസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട്. പലപ്പോഴും രാഷ്ട്രീയ എതിരാളികളായിരുന്നു ഇരുവരും. യൂനുസിന്റെ നേതൃത്വത്തിലുള്ള ഫിനാൻസ് കമ്പനി തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്നുമാണ് കേസിനാധാരം.
സാമ്പത്തിക വിദഗ്ധനായ യൂനുസും ഗ്രാമീൺ ടെലികോമിലെ മൂന്ന് സഹപ്രവർത്തകരുമാണ് കേസിലെ പ്രതികൾ. എന്നാൽ ആരോപണങ്ങൾ പ്രതികൾ നിഷേധിച്ചു. ബംഗ്ലാദേശിൽ താൻ സ്ഥാപിച്ച 50ലധികം സോഷ്യൽ, ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് താനൊരു ലാഭവും ഉണ്ടാക്കിയിട്ടില്ലെന്ന് യൂനുസ് പറഞ്ഞു. ധാക്കയിലെ ലേബർ കോടതിയാണ് വിധി പറയുന്നത്. തൊഴിൽ നിയമ ലംഘനം, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളാണ് യൂനുസിനെതിരെയുള്ളത്.
© Copyright 2025. All Rights Reserved