കണ്ണൂരിൽ സിക്ക രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശ്ശേരി ജില്ലാ കോടതിയിലാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്. 8 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിക്ക വൈറസ് ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രദേശത്തെ ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഒക്‌ടോബര്‍ 30ന് ആദ്യ സിക്ക കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 31ന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് സംഘം നവംബര്‍ 1, 2, 5 തീയതികളിലും സന്ദര്‍ശിച്ചു.സിക്ക വൈറസ് പരത്തുന്ന കൊതുകിന്‍റെ ഉറവിട നശീകരണത്തിനായി ഫോഗിങ്, സ്‌പ്രേയിങ് എന്നിവ നടത്തി.
ഉറവിട നശീകരണത്തിന്‍റെ ഭാഗമായി ലാര്‍വ സര്‍വേ നടത്തി. ഈഡിസ് ലാര്‍വകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്‍റമോളജി വിഭാഗത്തിലേക്ക് അയച്ചു. കൊതുക് നിവാരണമാണ് സിക്ക പ്രതിരോധത്തിനുള്ള പ്രധാന പോംവഴി. രോഗം പരക്കാതിരിക്കാന്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്.
© Copyright 2025. All Rights Reserved