ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിന്റെ ടീസർ റിലീസ് ചെയ്തു. ബൈക്കപടകത്തിൽ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ചൊരു സിനിമയും പ്രകടവുമാകും ജയ് ഗണേഷ് എന്ന് ടീസർ ഉറപ്പു നൽകുന്നു. ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. ഒപ്പം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൻറെ പ്രിയ നടി ജോമോളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
© Copyright 2024. All Rights Reserved