ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോർഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനകളുമാണെന്ന് അദ്ദേഹം പറഞ്ഞു.
-----------------------------
കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നിവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇവർ കാരണം കശ്മീരിലെ ഹിന്ദുക്കൾക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. സമാനമായ രീതിയിൽ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ് കശ്മീരിലെ സിഖ് കുടുംബങ്ങൾ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. കാശ്മീരി ഹിന്ദു, സിഖ് സമുദായങ്ങൾക്കെതിരായ അനീതിയ്ക്ക് മൂന്ന് രാഷ്ട്രീയ പാർട്ടികളും കാരണക്കാരണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, പത്ത് വർഷത്തിനിടെ ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗാണ് ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിൽ 60.21 ശതമാനം പോളിംഗാണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിൽ വെച്ച് ഏറ്റവും ഉയർന്ന പോളിംഗാണിത്. മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 25നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 1ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ.
© Copyright 2024. All Rights Reserved