മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്റ്റേഷനിലെ "ആധുനിക ചോദ്യം ചെയ്യൽ മുറി'യിലാണ് ചോദ്യം ചെയ്യൽ ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്. വൻ ജനാവലിയാണു പൊലീസ് സ്റ്റേഷനു
പുറത്തുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ്
ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഇതിനിടെ,
പൊലീസ് സ്റ്റേഷനു പുറത്ത് ബിജെപി നേതാക്കളും
പൊലീസും തമ്മിലും സംഘർഷമുണ്ടായി. നാല്
വാഹനങ്ങൾ സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന്
ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ,
അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസ്, സുരേഷ്
ഗോപിയുടെ വാഹനം മാത്രം കടത്തിവിടാമെന്നു
പറഞ്ഞു. പ്രവർത്തകർ ജാഥയായാണ് നടക്കാവ് പൊലീസ്
സ്റ്റേഷനു മുന്നിൽ എത്തിയത്. ഗെയ്റ്റിനു മുന്നിൽ
പ്രവർത്തകരെ പൊലീസ് തടഞ്ഞു. "കേരളമാകെ എസ്
ജിക്കൊപ്പം' എന്ന മുദ്രാവാക്യവുമായാണ് വൻ ജനക്കൂട്ടം
തടിച്ചു കൂടിയത്. ഇതിനിടെ, പൊലീസും പ്രവർത്തകരും
തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കുനേരെ
പൊലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന്
കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകൾ
വഴി തിരിച്ചുവിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കളും പദയാത്രയായി സ്റ്റേഷനിലെത്തിയിരുന്നു. ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തി. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ റോഡിൽ തടിച്ചു കൂടി.
നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ച് പൊലീസ് നോട്ടിസ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്റ്റേഷനിൽ ഹാജരായത്. ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കെ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി.
വിഷയത്തിൽ വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മോശം പെരുമാറ്റത്തിൽ ഐപിസി 354 എ ലൈംഗികാതിക്രമം വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത, രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
© Copyright 2024. All Rights Reserved