ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ കാതലാണ് സ്വതന്ത്ര വ്യാപാര കരാറെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇത് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൗഹൃദബന്ധത്തെ ശക്തിപ്പെടുത്തുന്നു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ തീരുമാനം ഇന്ത്യയും ബ്രിട്ടനും കണ്ടെത്തുമെന്നും ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. സ്വതന്ത്ര വ്യാപാര കരാർ സാക്ഷാത്കരിക്കുന്നതിലാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ചർച്ച കേന്ദ്രീകരിക്കുന്നത്.രണ്ടു രാജ്യങ്ങളും പിന്തുടരുന്ന പൊതുതത്വങ്ങൾ, സമ്പ്രദായങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഉപയോഗിച്ച് ചരിത്രത്തെ പുരോഗമന ശക്തിയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 36 ബില്യൺ പൗണ്ടിന്റെ വ്യാപാര പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ജനുവരി മുതലാണ് ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ ആരംഭിച്ചത്.14 തവണ ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജയശങ്കർ യുകെയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഭാര്യ ക്യോകോയും ഒപ്പമുണ്ട്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ സംഘടിപ്പിച്ച പ്രത്യേക ദീപാവലി ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.ബ്രിട്ടീഷ് പ്രധാനമന്ത്രി സുനാകിന്റെ ഇന്ത്യ സന്ദർശനത്തിന്റെ തയാറെടുപ്പുകളും അജണ്ടയിലുള്ളതായാണ് വിവരം. അഞ്ചു ദിവസത്തെ സന്ദർശനത്തിനിടയിൽ എസ്. ജയശങ്കർ ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ ഉൾപ്പെടെയുള്ള ഉന്നതരുമായി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
© Copyright 2025. All Rights Reserved