അസാധുവാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന ബിജെപി എംപി കങ്കണ റണാവത്തിൻ്റെ വിവാദ പരാമർശത്തിനു പിന്നാലെ കേന്ദ്ര സർക്കാറിനെ ചോദ്യം ചെയ്‌ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ചുമതല വഹിക്കുന്നത് ആരാണെന്ന ചോദ്യമുയർത്തിയാണ് രാഹുൽ സർക്കാറിനെ കടന്നാക്രമിച്ചത്.
=========aud==============
ആരാണ് സർക്കാറിൻ്റെ ഔദ്യോഗിക നയം തീരുമാനിക്കുന്നത്? പ്രധാനമന്ത്രി നരേന്ദ്രമോദിയോ അതോ ബിജെപി എംപിയോ?. രാഹുൽ ചോദിച്ചു. നമ്മുടെ കർഷകർക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അനുവദിക്കില്ല. കർഷകരെ ദ്രോഹിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിച്ചാൽ മോദിക്ക് വീണ്ടും മാപ്പ് പറയേണ്ടിവരും. രാഹുൽ പറഞ്ഞു. 2020-2021 കാലഘട്ടത്തിൽ നടന്ന സമരത്തിൽ 700-ലധികം കർഷകർ രക്തസാക്ഷിത്വം വഹിച്ചു. അവരിൽ ഭൂരിപക്ഷം പേരും ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരായിരുന്നു. ഇത്രയും സംഭവിച്ചിട്ടും കേന്ദ്രത്തിന് മതിയായിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും കങ്കണ റണാവത്തിൻ്റെ പ്രസ്‌താവനയിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്തു. ഇത് കർഷകർക്കുള്ള മുന്നറിയിപ്പ് മണിയാണെന്ന് ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ അദ്ദേഹം വിശേഷിപ്പിച്ചു. ശംഭു അതിർത്തിയിൽ സമരം ചെയ്യുന്നവർ യഥാർത്ഥ കർഷകരല്ലെന്ന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ പ്രസ്‌താവനയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അതേസമയം കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കങ്കണയുടെ പ്രസ്‌താവനയെ തള്ളി ബിജെപി കൈയ്യൊഴിഞ്ഞു. കങ്കണയുടെ പ്രസ്‌താവന വ്യക്തിപരമാണെന്ന് പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. പിൻവലിച്ച കർഷക ബില്ലുകൾ തിരികെ കൊണ്ടുവരണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. ഇത് വിവാദമാകുമെന്ന് എനിക്ക് അറിയാം. പക്ഷേ ബില്ലുകൾ കർഷകരുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് താൻ കരുതുന്നത്. നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു. മാണ്ഡിയയിൽ നടന്ന പൊതു പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സർക്കാർ ജീവനക്കാർക്ക് ഏറെ ഗുണമുണ്ടാക്കുന്ന തീരുമാനമാണെന്നും കങ്കണ പറഞ്ഞു. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കങ്കണ നടത്തിയ നിരവധി പരാമർശങ്ങൾ ബിജെപിക്ക് തലവേദനയാകുന്നുണ്ട്.
© Copyright 2024. All Rights Reserved