മുൻ ഇന്ത്യൻ നായകൻ എംഎസ് ധോനിയുടെ റാഞ്ചിയിലെ വീട് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് പരാതി. ധോനിയുടെ ഹാർമു ഹൗസിങ് കോളനിയിലെ വീടിനെതിരെയുള്ള ആരോപണത്തിൽ ജാർഖണ്ഡ് സംസ്ഥാന ഭവന ബോർഡ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ധോനിക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു.
-------------------aud------------------------------
ഹാർമു ഹൗസിങ് കോളനിയിൽ ധോനിക്ക് ജാർഖണ്ഡ് സർക്കാർ അഞ്ച് കറ്റാ ഭൂമി ഇഷ്ടദാനമായി അനുവദിച്ചിരുന്നു. ഈ സ്ഥലത്ത് താരം ആഡംബര വീട് പണിതു. എന്നാൽ പിന്നീട് റാഞ്ചി സിമാലിയയിലെ ഫാംഹൗസിലേക്ക് ധോനി താമസം മാറ്റിയിരുന്നു. ധോനിയുടെ ഉടമസ്ഥതയിലുള്ള വീട് നിയമങ്ങൾ തെറ്റിച്ച് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതായി ഭവന ബോർഡ് ചെയർമാൻ സഞ്ജയ് ലാൽ പാസ്വാൻ പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, ധോനിക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ധോനിയുടെ ഉടമസ്ഥയിലുള്ള വീട്ടിൽ സ്വകാര്യ ലാബ് തുടങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥാപനത്തിന്റെ സൈൻ ബോർഡും സ്ഥാപിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി റെസിഡൻഷ്യൽ പ്ലോട്ടുകൾ ഉപയോഗിച്ചതിന് ഏകദേശം 300ളം വസ്തു ഉടമകൾക്ക് ഭവന ബോർഡ് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved