എൻഡിഎയിലുള്ള ജെഡിയുവിനെയും ടിഡിപിയെയും ഇന്ത്യ സഖ്യത്തിലെത്തിച്ച് സർക്കാർ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. അതേസമയം, ഇനി സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ പ്രതിപക്ഷത്തിരിക്കുകയാണെങ്കിൽ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിർദേശിക്കാനാണ് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം രാഹുലിൻറെ സ്വീകാര്യത കൂട്ടിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ ഉൾപ്പെടെ ഇന്ന് ചേരുന്ന ഇന്ത്യ സഖ്യ യോഗം ചർച്ച ചെയ്യും.
-------------------aud--------------------------------
സർക്കാർ രൂപീകരിക്കാനുള്ള സാധ്യത തേടി ജെഡിയു നേതാവ് നിതീഷ് കുമാറുമായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചർച്ചകൾ നടത്താനാണ് ഇന്ത്യ സഖ്യത്തിൻറെ തീരുമാനം. മറ്റ് സ്വതന്ത്ര പാർട്ടികളെയും എത്തിക്കാൻ നീക്കം നടത്തുന്നുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയത്തിൽ മമത ബാനർജി അഭിനന്ദിച്ചു.
അതേസമയം, മന്ത്രിസഭ രൂപീകരണത്തിൽ ഇതുവരെ നിതീഷ് കുമാർ ബിജെപിയെ നിലപാട് അറിയിച്ചിട്ടില്ല. ഇത് ബിജെപിയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിതീഷും ചന്ദ്രബാബു നായിഡുവും വിലപേശൽ നടത്താനുള്ള സാധ്യതയും ബിജെപി തള്ളിക്കളയുന്നില്ല. അതിനാൽ തന്നെ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ട് സർക്കാർ രൂപീകരണത്തിന് ഇരു പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.
അതേസമയം, വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ കിങ് മേക്കർ ചന്ദ്ര ബാബു നായിഡു നിർണായക ഉപാധികൾ ബിജെപിക്ക് മുമ്പാകെ വെക്കുമെന്നാണ് വിവരം. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ശ്രമം. സുപ്രധാനക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടും. എൻഡിഎ കൺവീനർ സ്ഥാനവും ഉറപ്പിക്കും. എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു 11 മണിക്ക് ദില്ലിയിലേക്ക് തിരിക്കും. അതേസമയം, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ജൂൺ ഒമ്പതിന് രാവിലെ 11.53ന് അമരാവതയിൽ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യും.
© Copyright 2024. All Rights Reserved