ഹിജാബിനതിരേ മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാർഥിനിക്കെതിരേ കുറ്റംചുമത്തില്ലെന്ന് ഇറാൻ. ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയെ മോചിപ്പിച്ചതായും ഭരണകൂടം വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി ഇപ്പോൾ കുടുംബത്തോടൊപ്പമാണെന്നും അധികൃതർ പറഞ്ഞു.
-------------------aud--------------------------------
നവംബർ ആദ്യമാണ് അഹൂ ദാര്യോയ് എന്ന യുവതി സർവകലാശാല കാംപസിൽ മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇറാനിൽ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. പിന്നാലെ ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള വാർത്തകൾ വന്നിരുന്നു. ഇറാൻ സർക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഹിജാബ് നീക്കം ചെയ്യുന്നവർക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നൽകുമെന്നാണ് തലേബി ദരസ്താനി പറയുന്നത്. ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
© Copyright 2024. All Rights Reserved