ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹിത്രൂവിന്റെ പത്തു ശതമാനം ഓഹരികൾ വാങ്ങാൻ സൗദി അറേബ്യ. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് സ്പാനിഷ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഫെറോവിയലിന്റെ കൈവശമുള്ള ഓഹരികൾ വാങ്ങാൻ കരാറായിരിക്കുന്നത്. 2006ലായിരുന്ന ഫെറോവിയൽ ഹീത്രൂവിൽ നിക്ഷേപം നടത്തിയത്. 2.37 ബില്യൺ പൗണ്ടിന്റെ കരാറാണ് പുതിയ നിക്ഷേപ കൈമാറ്റത്തിലുള്ളത്.
പാസഞ്ചർ ചാർജിൽ നിന്നുള്ള വരുമാനമാണ് വിമാനത്താവള നിക്ഷേപങ്ങളിൽ പ്രധാനപ്പെട്ടത്. നിലവിൽ 31.57 പൗണ്ടാണ് ഓരോ യാത്രക്കാരനിൽ നിന്നും ഹീത്രൂ വിമാനത്താവളം പാസഞ്ചർ ചാർജായി ഈടാക്കുന്നത്. അടുത്തവർഷം ഇത് 25.43 പൗണ്ടായി കുറയ്ക്കാൻ തീരുമാനമുണ്ട്.
84 രാജ്യങ്ങളിലെ 214 നഗരങ്ങളിലേക്കായി 89 വിമാനക്കമ്പനികൾ സർവീസ് നടത്തുന്ന വിമാനത്താവളമാണ് ലണ്ടൻ ഹീത്രൂ. ബ്രിട്ടിഷ് എയർവേസിന്റെയും വെർജിൻ അറ്റ്ലാന്റിക്കിന്റെയും ഹബുകൂടിയായ ഈ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് കഴിഞ്ഞാൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ്. 19.4 മില്യൺ യാത്രക്കാരാണ് കഴിഞ്ഞവർഷം വിമാനത്താവളം ഉപയോഗിച്ചത്. ഇതിൽ 17 മില്യൺ പേരും രാജ്യാന്തര യാത്രികരായിരുന്നു. ടേക്ക് ഓഫും ലാൻഡിങ്ങുമായി ദിവസേന ആയിരത്തി മുന്നൂറിലധികം സർവീസുകളാണ് ഹിത്രൂവിൽ നടക്കുന്നത്.
© Copyright 2025. All Rights Reserved