ഹോള്‍സെയില്‍ എണ്ണ വില താഴുമ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഡ്രൈവര്‍മാരില്‍ നിന്നും പണം കൊള്ളയടിക്കുന്നു. ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധനവിലയുടെ രൂപത്തില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഹോള്‍സെയില്‍ എണ്ണ വില ഇടിയുമ്പോഴും ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഡ്രൈവര്‍മാരെ പിടിച്ചുപറിക്കുന്നതാണ് അവസ്ഥ. റീട്ടെയിലര്‍മാര്‍ ഈ വിധത്തില്‍ ജനങ്ങളെ ഊറ്റുന്നത് തടയാന്‍ സ്ഥിരമായി പമ്പ് വാച്ച് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
ഈ വര്‍ഷം ഇന്ധനവില്‍പ്പനയില്‍ പെട്രോള്‍ കമ്പനികള്‍ ശരാശരി 8% ലാഭം നേടിയെന്നാണ് കോമ്പറ്റീഷന്‍ & മാര്‍ക്കറ്റ്‌സ് അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പത്തെ നിരക്കുകളുടെ ഇരട്ടിയാണിത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഉയര്‍ന്ന നിരക്കില്‍ നിന്നും എണ്ണ വില താഴ്‌ന്നെങ്കിലും ഇത് കാലതാമസം കൂടാതെ കൈമാറാന്‍ പെട്രോള്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല.
മേയ് മാസത്തെ അപേക്ഷിച്ച് പെട്രോള്‍ ലിറ്ററിന് 11 പെന്‍സെങ്കിലും ഡ്രൈവര്‍മാര്‍ക്ക് അധിക ചെലവ് വരുന്നുണ്ട്. 55 ലിറ്റര്‍ ഫാമിലി കാര്‍ നിറയ്ക്കാന്‍ 6 പൗണ്ടെങ്കിലും അധികമായി ആവശ്യം വരുന്നു. ഡീസലിന് ലിറ്ററിന് 13.9 പെന്‍സും അധിക ചെലവുണ്ട്.
പെട്രോള്‍ വിലകള്‍ കുതിച്ചുയരുന്നതിനിടെ രാജ്യമാകമാനം പെട്രോള്‍ മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുമേറുന്നുണ്ട്. യുകെയില്‍ ഇന്ധനത്തിന്റെ മൊത്ത വിലയില്‍ കുറവ് വന്നിട്ടും അതിന്റെ ഗുണം വിലക്കുറവിലൂടെ കസ്റ്റമര്‍മാരിലേക്ക് പകര്‍ന്ന് കൊടുക്കാതിരിക്കുന്ന ഇന്ധന വ്യാപാരികളുടെ നിലപാട് കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കുന്നതിനിടെയാണ് ഇത്തരം മോഷണങ്ങളും വര്‍ധിച്ച് വരുന്നതെന്നത് ശ്രദ്ധേയമാണ്.
റഷ്യ - യുക്രൈന്‍ സംഘര്‍ഷം പോലുള്ള കാരണങ്ങളാല്‍ ഇന്ധനത്തിന്റെ ബാരല്‍ വില ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ മൊത്ത വിലയില്‍ കാര്യമായ താഴ്ചയുണ്ടായിട്ടും മുമ്പത്തെ വിലയ്ക്ക് തന്നെയാണ് വ്യാപാരികള്‍ പെട്രോളും ഡീസലും മോട്ടോറിസ്റ്റുകള്‍ക്ക് ചില്ലറ കച്ചവടം നടത്തുന്നത്. വര്‍ധിച്ച് വരുന്ന ജീവിതച്ചെലവുകള്‍ക്കൊപ്പം ഇന്ധനവിലയും വര്‍ധിക്കുന്നത് സാധാരണക്കാരന് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.
© Copyright 2024. All Rights Reserved