
പാരമ്പര്യമായി ടൈപ്പ് 1 പ്രമേഹമുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ഒന്നര വയസ്സിന് മുന്‍പ് കോവിഡ് ബാധിച്ചാല്‍ പ്രമേഹത്തിനും സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരം കുട്ടികള്‍ക്ക് ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നതിനുള്ള സാധ്യത മറ്റു കുട്ടികളേക്കാള്‍ 5 മുതല്‍ 10 മടങ്ങ് വരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ഓട്ടോ ഇമ്മ്യുണ് ഡയബെറ്റിസ് എന്ന, ഗവേഷകരുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
2018 നും 2021 നും ഇടയിലായി രോഗം ബാധിക്കുന്നതിന് സാധ്യത ഏറെയുള്ള 850 ല്‍ അധികം കുട്ടികളെ നിരീക്ഷണ വിധേയമാക്കിയായിരുന്നു പഠനം. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കാത്ത, ജീവിതകാലം മുഴുവന്‍ നീണ്ടുന്നില്ക്കുന്ന ഒരു രോഗാവസ്ഥയാണ് ടൈപ്പ് 1 ഡയബെറ്റിസ്. ശരീരത്തിന്റെ ഊര്‍ജ്ജം പരിപാലിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിലും ഏറെ പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍.
ഓട്ടോ ആന്റിബോഡികളുടെ രൂപീകരണമാണ് ഈ രോഗത്തിന്റെ ആദ്യപടി. പാന്‍ക്രിയാസിലെ, ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന ഐസ്ലെറ്റ് ബീറ്റ കോശങ്ങളെ ഇത് നിര്‍വീര്യമാക്കുന്നു. ഇത്തരത്തില്‍ നിര്‍വീര്യമാക്കപ്പെടുന്ന കോശങ്ങളെ ശരീര പ്രതിരോധ സംവിധാനം നശിപ്പിക്കുകയും ചെയ്യും. സാര്‍സ് കോവ്-2 ഉള്‍പ്പടെയുള്ള വൈറല്‍ ബാധകളും ടൈപ്പ് 1 പ്രമേഹവും തമ്മിലുള്ള ബന്ധം റിപ്പോര്‍ട്ട് ചെയ്ത, നേരത്തെയുള്ള ഒരു പഠനത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ പഠനം. എന്നാല്‍, കോവിഡിനെ ഐസ്ലെറ്റ് ഓട്ടോ ഇമ്മ്യുണിറ്റിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആദ്യ പഠനമാണിത്
















© Copyright 2025. All Rights Reserved