
കശ്മീരിലെ അതിർത്തി ജില്ലയായ അനന്തനാഗിൽ പാക്ക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പൊലീസിലെ ഡിവൈഎസ്പിയും അടക്കം 3 സുരക്ഷാ ഓഫിസർമാർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവരാണു മരിച്ചത്. ലഷ്കറെ തയ്ബയുടെ നിഴൽ സംഘടനയായ റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് കൊകോരെനാഗ് ഗരോൾ മേഖലയിലാണ് നുഴഞ്ഞുകയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ രാത്രിയിൽ പോരാട്ടം നിർത്തിവച്ചു. ഇന്നലെ രാവിലെ ഭീകരരുടെ ഒളിയിടത്തിൽ സൈന്യമെത്തി. സംഘത്തെ നയിച്ചു മുന്നിലുണ്ടായിരുന്ന കേണൽ മൻപ്രീത് സിങ് ഭീകരർക്കു നേരെ വെടിയുതിർത്തു. എന്നാൽ, ഒളിയിടത്തിൽ നിന്നുണ്ടായ ശക്തമായ ആക്രമണത്തിൽ മൂവരും വെടിയേറ്റു വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.
















© Copyright 2025. All Rights Reserved