
ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ‘കാണാനില്ല’. കഴിഞ്ഞ 29നു ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ഈ വര്ഷം മാർച്ചിലാണ് ലീ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ ഏപ്രിലിൽ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്നു.
ചൈനയിൽ അടുത്തിടെ അപ്രത്യക്ഷനായ രണ്ടാമത്തെ മന്ത്രിയാണ് ലീ. നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായിരുന്നു. പിന്നീട് മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കി. എന്താണ് കാരണമെന്ന് ഏത് വരെ പുറത്തു വിട്ടിട്ടില്ല ചൈന. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തൻ കൂടിയായിരുന്നു ചിൻ ഗാങ്. പ്രതിരോധ മന്ത്രിക്കും ഈ ഗതി ആയിരിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഉന്നതരെ കാണാതാകുന്ന രീതി ഏറെക്കാലമായി ചൈനയിൽ നിലവിലുണ്ട്. രാഷ്ട്രീയക്കാർക്കു പുറമേ സമ്പന്ന വ്യവസായികളും കായികതാരങ്ങളും ഇങ്ങനെ കാണാതായി തിരിച്ചുവന്നവരുടെ പട്ടികയിലുണ്ട്. സമ്പന്ന വ്യവസായി ദുവാൻ വെയിഹോങ് 5 വർഷത്തോളം അപ്രത്യക്ഷയായിരുന്നു.
ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം പെങ് ഷുവായും ഏറെക്കാലം ഇരുട്ടിലായിരുന്നു. ജാക് മാ എന്ന ആലിബാബ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയ്ക്ക് സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് അപ്രത്യക്ഷനാകേണ്ടിയും വന്നിട്ടുണ്ട്
















© Copyright 2025. All Rights Reserved