
ബിഹാറിലെ സിവാൻ ജില്ലയിൽ പടക്കനിർമാണം നടന്നിരുന്ന വീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് ആലപ്പൂർ ഗ്രാമത്തിൽ ദാരുണമായ അപകടമുണ്ടായത്. പടക്കങ്ങൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. വൈകുന്നേരം അഞ്ചരയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയും അവശിഷ്ടങ്ങൾ റോഡിലേക്ക് പതിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി ഉണ്ടായി. അപകടസമയത്ത് വീട്ടിൽ നിരവധി കുടുംബാംഗങ്ങൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന് പിന്നാലെ അവിടെ സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങൾക്കും തീപിടിച്ചതോടെ തുടർസ്ഫോടനങ്ങളുണ്ടായി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ഒരു മണിക്കൂറിലധികം സമയം വേണ്ടിവന്നു. അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവാൻ ജില്ലാ മജിസ്‌ട്രേറ്റ് വിജയ് പ്രകാശ് മീണ സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ടുപേരെ കണ്ടെത്താനുള്ള നടപടികളും തുടരുന്നതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം പരിശോധന നടത്തി. ബോംബ് നിർവീര്യമാക്കുന്നതിനും സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനുമുള്ള പ്രത്യേക സംഘവും സ്ഥലത്തെത്തി. പ്രദേശം പരിശോധിക്കുന്നതിനായി ഡ്രോണുകളും വിന്യസിച്ചു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി മഹാരാജ്ഗഞ്ച് സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. പ്രാദേശിക പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും ചൗക്കിദാറിനെയും ചുമതലയിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെത്തുടർന്ന് സസ്‌പെൻഡ് ചെയ്തു. പടക്കനിർമാണ യൂണിറ്റിന് സാധുവായ ലൈസൻസ് ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് പരിശോധനയും പൊലീസ് അന്വേഷണവും പൂർത്തിയായ ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
















© Copyright 2025. All Rights Reserved