സംശയത്തോടെ വീക്ഷിക്കപ്പെടേണ്ട രാജ്യമാണ് ചൈന എന്ന പാശ്ചാത്യ ലോകത്തിന്റെ വിലയിരുത്തല്‍ കൃത്യമാണെന്ന് തെളിയിക്കുന്ന രീതിയില്‍ വെസ്റ്റ്മിനിസ്റ്ററിന്റെ ഹൃദയ ഭാഗത്തുനിന്നും ഒരു ചൈനീസ് ചാരനെ പിടികൂടിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും മറ്റ് ഉന്നത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും സ്വാധീനിച്ച് ചൈന തന്ത്ര പ്രധാനമായ വിവരങ്ങള്‍ പാശ്ചാത്യ ലോകത്തുനിന്നും ചോര്‍ത്താന്‍ ശ്രമിക്കുമെന്ന് എം 5 മേധാവി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പണവും ലൈംഗികതയുമാണ് ചൈനീസ് ചാരന്മാരുടെ പ്രധാന ആയുധങ്ങള്‍ എന്ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാര്‍ലമെന്ററി റിസര്‍ച്ചര്‍ ആയ ഒരു വ്യക്തിയെയാണ് ഇപ്പോള്‍ ചൈനക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുന്നു എന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായം 20 കളില്‍ എത്തി നില്ക്കുന്ന ഇയാള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈവശമുള്ള പല എം പിമാരുമായും ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല സുപ്രധാന രാഷ്ട്രീയ നേതാക്കന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാള്‍ പല വിവരങ്ങളും ചോര്‍ത്തിയിരിക്കാം എന്നും സംശയിക്കുന്നു. വെസ്റ്റ്മിനിസ്റ്ററിലെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നമായിട്ടാണ് ഇപ്പോള്‍ ഇതിനെ കാണുന്നത്.
യു കെയില്‍ ചൈനയുടെ ചാര പ്രവൃത്തി വര്‍ദ്ധിച്ചു വരുന്നതായി ഇതിനു മുന്‍പും പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടനിലാകെ ചൈന രഹസ്യ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്.
© Copyright 2023. All Rights Reserved