അതിവേഗം പടർന്ന് പിടിക്കുന്ന 100 ഡേ കഫ് എന്നറിയപ്പെടുന്ന പകർച്ചവ്യാധി ബ്രിട്ടനിലാകെ പടർന്ന് പിടിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ, വ്യാപനത്തിൽ 250 ശതമാനത്തിന്റെ വർദ്ധനവുണ്ടായ ഈ ബാക്ടീരിയ ബാധ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാൽ, ഇത് കടുത്ത ചുമയായി മാറുകയും മൂന്ന് മാസം വരെ നീണ്ടു നിൽക്കുകയും ചെയ്യും.
വില്ലൻ ചുമ, പെർടുസിസ് എന്നീ പേരുകളിലും അറിയപ്പെടുന്ന, 100 ഡേ കഫിന്റെ ലക്ഷണങ്ങൾ അത്രയും നാൾ നീണ്ടു നിൽക്കും എന്നതിനാലാണ് ആ പേര് ലഭിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ തന്നെ 716 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വില്ലൻ ചുമ അതിവേഗം വ്യാപിക്കുകയാണെന്നും, ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിനായി ഗർഭിണികൾ വില്ലൻ ചുമയ്ക്കെതിരെയുള്ള വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണെന്നും യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ചൈൽഡ് പബ്ലിക് ഹെൽത്ത് വിദഗ്ധനായ പ്രൊഫസർ ഹെലെൻ ബെഡ്ഫോർഡ് നിർദ്ദേശിക്കുന്നു. നവജാത ശിശുക്കളിൽ വില്ലൻ ചുമ ഗുരുതരമാണെന്നും, ജനിച്ച് ആദ്യമാസങ്ങളിൽ അവർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് ഗർഭിണിമാരായ അമ്മമാർക്ക് വാക്സിൻ നൽകുക മാത്രമാണ് വഴിയെന്നും അവർ പറയുന്നു.
ബാക്ടീരിയ ബാധ പ്രധാനമായും ശ്വാസകോശത്തെയും തൊണ്ടയേയുമാണ് ബാധിക്കുന്നത്. അതിവേഗം വ്യാപിക്കുന്ന ഈ രോഗം ചിലപ്പോൾ ഗുരുതരമായേക്കും. കുട്ടികൾക്കും ശിശുക്കൾക്കും ഇതിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകേണ്ടത് അത്യാവശ്യമാണ്. ചില സമയങ്ങൾ ഛർദ്ദിക്കോ, വാരിയെല്ലുകൾ ഒടിയുന്നതിനോ വരെ കാരണമായെക്കാവുന്ന അത്രയും ശക്തമായ ചുമയായിരിക്കും ഉണ്ടാവുക. 2015-ൽ ആഗോളതലത്തിൽ 58,700 പേരാണ് വില്ലൻ ചുമ കാരണം മരണപ്പെട്ടത്
© Copyright 2023. All Rights Reserved