'ഈവിൾ ഐ' എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയിൽ നിന്ന് 17 ദശലക്ഷം പ്രകാശവർഷം അകലെയാണ്. ഈ ഗ്യാലക്‌സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ഗാലക്സിയുടെ തിളക്കമുള്ള ന്യൂക്ലിയസിന് ചുറ്റും പൊടികളാൽ മൂടപ്പെട്ടതിനാലാണ് ഇതിനെ 'ബ്ലാക്ക് ഐ', 'ഇവിൾ ഐ' എന്നൊക്കെ പേര് വരാൻ കാരണം. ഒരു ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു സാറ്റലൈറ്റ് ഗാലക്സിയുമായി കൂട്ടിയിടിച്ച് "ഈവിൾ ഐ' ഗാലക്സി ഏതാണ്ട് പൂർണ്ണമായും നശിച്ചുപോയിരുന്നു. അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രങ്ങളാണ് നാസ ഇപ്പോൾ പുറത്ത് വിട്ടത്. ഭൂരിഭാഗം ഗാലക്‌സികളിലെയും പോലെ 'എം64' ലെ എല്ലാ നക്ഷത്രങ്ങളും ഒരേ ദിശയിൽ ഭ്രമണം ചെയ്യുന്നു. 1990-കളിലെ പഠനങ്ങളിൽ 'ഈവിൾ ഐ' ഗാലക്‌സിയിലെ നക്ഷത്രങ്ങൾ വിപരീത ദിശയിലാണ് കറങ്ങുന്നതെന്ന് കണ്ടെത്തിയിരുന്നു. ചെറിയ ദൂരദർശിനികളിൽ കാണപ്പെടുന്നതിനാൽ 'എം64' എന്നാണ് അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ ഇത് അറിയപ്പെടുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ മെസ്സിയറാണ് ഇത് ആദ്യമായി പട്ടികപ്പെടുത്തിയത്. ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നീല നിറത്തിലുള്ള നക്ഷത്രങ്ങളാണ് ചിത്രത്തിൽ ശ്രദ്ധേയമായത്. മുമ്പും ക്ഷീരപഥത്തിൻ്റെ ഇതുവരെ കാണാത്ത ചിത്രങ്ങളും വിശദാംശങ്ങളും നാസ പുറത്തുവിട്ടിരുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചാണ് 'ഈവിൾ ഐ' ഗാലക്സിയുടെ ചിത്രം നാസ പകർത്തിയത്.
© Copyright 2023. All Rights Reserved