വെറും 34 പന്തിൽ ഒരു ഏകദിന ക്രിക്കറ്റിന്‍റെ ഫലം നിർണയിക്കപ്പെട്ട ദിനം, അതായിരുന്നു സെപ്റ്റംബർ 17 ഞായർ. ഏകദിന ക്രിക്കറ്റല്ലേ, ഒരു ചായയൊക്കെ കുടിച്ച് റിലാക്സായി ടെലിവിഷന്‍റെ/ഗാഡ്ജറ്റിന്‍റെ മുന്നിൽ ഇരിക്കാമെന്നു കരുതിയവർക്ക് മഹാനഷ്ടം. കാരണം, ഏഷ്യ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കു ശ്വാസം വിടാൻപോലും അവസരം നൽകാതെ മുഹമ്മദ് സിറാജിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ കത്തിക്കയറി. ഇന്നിംഗ്സിലെ ആദ്യ 34 പന്ത് കഴിഞ്ഞപ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന പരിതാപകരമായ സ്ഥിതിയിൽ, മഴപെയ്താലും മാനം ഇടിഞ്ഞാലും ഇന്ത്യ ജയിക്കുന്ന അവസ്ഥ! ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ജസ്പ്രീത് ബുംറ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് സിറാജും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ കൊളംബോയിൽ അരങ്ങേറിയത് അക്ഷരാർഥത്തിൽ ലങ്കാദഹനം. സിറാജ് ഏഴ് ഓവറിൽ 21 റണ്‍സിന് ആറും ഹാർദിക് 2.2 ഓവറിൽ മൂന്നിനു മൂന്നും ബുംറ അഞ്ച് ഓവറിൽ 23ന് ഒരു വിക്കറ്റും വീഴ്ത്തിയതോടെ 15.2 ഓവറിൽ ശ്രീലങ്ക 50നു പുറത്ത്.
തീരെ ചെറിയ ലക്ഷ്യത്തിനായി ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റ് കൈയിലെടുക്കാൻ തുനിഞ്ഞില്ല. പകരം ശുഭ്മാൻ ഗില്ലിനൊപ്പം ക്രീസിലേക്ക് അയച്ചത് ഇഷാൻ കിഷനെ. 19 പന്തിൽ 27 റണ്‍സുമായി ഗില്ലും 18 പന്തിൽ 23 റണ്‍സുമായി ഇഷാനും പുറത്താകാതെ നിന്ന് ഇന്ത്യയെ 6.1 ഓവറിൽ 51 റണ്‍സിലെത്തിച്ച് 10 വിക്കറ്റ് ജയം സമ്മാനിച്ചു. അതോടെ 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. 100 ഓവർ അരങ്ങേറേണ്ട ഏകദിന മത്സരത്തിൽ എറിയേണ്ടിവന്നത് ആകെ 21.3 ഓവർ മാത്രം! മിയാൻ (സിറാജിന്‍റെ ചെല്ലപ്പേര്) മാജിക്കിൽ ഇന്ത്യക്ക് ഏഷ്യ കപ്പ്.
© Copyright 2023. All Rights Reserved