ഗാസയിൽ 30 ദിവസത്തിനുള്ളിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ നീക്കി മാനുഷിക ദുരിതം അവസാനിപ്പില്ലെങ്കിൽ അമേരിക്കയിൽ നിന്നുള്ള ആയുധ കയറ്റുമതി ഉൾപ്പെടെ നിർത്തലാക്കുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇസ്രയേൽ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയത്.
-------------------aud-------------------------------
ഗാസയിലെ നിയന്ത്രണങ്ങൾ നീക്കി 30 ദിവസത്തിനുള്ളിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും സംയുക്തമായി എഴുതിയ കത്തിൽ പറയുന്നത്. നാല് പേജുകൾ നീണ്ടതാണ് കത്ത്. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനാണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ ആധികാരികത സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിലും ഏപ്രിലുമായി ഇസ്രയേലും അമേരിക്കയും നടത്തിയ ചർച്ചകളെ തുടർന്ന് മാനുഷിക സഹായ വിതരണത്തിന്റെ അളവ് വർധിപ്പിച്ചിരുന്നു. എന്നാൽ, സെപ്റ്റംബറോടെ ഇതിൽ ഇടിവ് വന്നിട്ടുള്ളതായാണ് കത്തിൽ അമേരിക്ക വ്യക്തമാക്കുന്നത്. പ്രതിദിനം കുറഞ്ഞത് 350 ട്രക്കുകളെങ്കിലും കടത്തിവിടണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതേസമയം ഒരു ഭീഷണിയുടെ സ്വഭാവം കത്തിനില്ലെന്നാണ് അമേരിക്കയുടെ ദേശീയ സുരക്ഷ വക്താവായ ജോൺ കിർബി വ്യക്തമാക്കുന്നത്. മാനുഷിക സഹായം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് കിർബിയുടെ വിശദീകരണം.
അമേരിക്ക ഉന്നയിച്ച നിർദേശങ്ങൾ ഇസ്രയേൽ ഗൗരവമായി തന്നെ പരിഗണിക്കുകയാണെന്ന് വാഷിങ്ടണിലുള്ള ഇസ്രയേൽ പ്രതിനിധി വ്യക്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ഇസ്രയേൽ പ്രതിനിധി അറിയിച്ചു.
ഗാസയിലേക്കുള്ള ഭക്ഷണത്തിന്റേയും മരുന്നിന്റേയും വിതരണത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് വിവിധ മാനുഷിക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സഹായങ്ങളുടെ കയറ്റുമതിയിൽ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതായാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വാരം വ്യക്തമാക്കിയത്.
© Copyright 2024. All Rights Reserved