
ഗാസ . ഇസ്രയേലിൻ്റെ സുരക്ഷാ അനുമതി ലഭിക്കാത്തതിനെ തുടർന്നു ഗാസ സിറ്റിയിൽ നിന്ന് 2 നവജാത ശിശുക്കളെ മാറ്റുന്നതിനായി മുൻകുട്ടി അംഗീകരിച്ച ദൗത്യം നിർത്തിവയ്ക്കേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ. വടക്കൻ ഗാസയിലെ ആശുപത്രികളിലുള്ള 18 നവജാത ശിശുക്കളുടെ സംഘത്തിലെ അംഗങ്ങളാണ് ഈ 2 കുഞ്ഞുങ്ങൾ. ഇവരെ ഒഴിപ്പിക്കാൻ യുഎൻ ഏജൻസികൾ ശ്രമിച്ചുവരികയായിരുന്നു. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത മാതാപിതാക്കൾക്കൊപ്പം സുരക്ഷിതമായി മാറ്റാൻ കഴിയാത്തതിനാൽ, ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള രണ്ട് നവജാത ശിശുക്കളെയും അൽ ഹെലോ ആശുപത്രിയിലെ ഇൻകുബേറ്ററുകളിൽ സൂക്ഷിക്കുകയായിരുന്നെന്നു യൂണിസെഫ് വ്യക്തമാക്കി.
“കാറിന്റെ പിന്നിൽ കയറ്റി കുഞ്ഞുങ്ങളെ ഞങ്ങൾ ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പുറപ്പെടാനുള്ള അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ആ അനുമതി ലഭിച്ചില്ല"- യൂണിസെഫിൻ്റെ സീനിയർ എമർജൻസി കോർഡിനേറ്റർ ഹമീഷ് യംഗ് റോയിട്ടേഴ്‌സിന് ഗാസ സിറ്റിയിൽ നിന്ന് അയച്ച സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ മാസം ഷെല്ലാക്രമണത്തിന് വിധേയമായ ഗാസ സിറ്റിയിലെ അൽ ഹെലോ ആശുപത്രിയിലെ ഇൻകുബേറ്ററുകളിലേക്ക് കുഞ്ഞുങ്ങളെ തിരികെ മാറ്റി. നിലവിലെ സൈനിക പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ മാറ്റാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ്. എന്നാൽ മാതാപിതാക്കളുടെ പക്കലേക്കു കുഞ്ഞുങ്ങളെ ഉറപ്പായും തിരികെ എത്തിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. യുഎൻ വാഹനത്തിൽ കട്ടിയുള്ള പുതപ്പുകളിൽ പൊതിഞ്ഞ നിലയിലുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ യൂണിസെഫ് പങ്കുവെച്ചിട്ടുണ്ട്.
















© Copyright 2025. All Rights Reserved