
ന്യൂഡൽഹി. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉടൻ ചൈനയിൽ എത്തുമെന്ന് റിപ്പോർട്ട്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബെയ്‌ജിങ്ങിൽ വച്ച് നടക്കുന്ന ഉഭയകക്ഷി യോഗത്തിനാണ് എസ്.ജയശങ്കർ പോകുന്നത്. തുടർന്ന് ജൂലൈ 14, 15 തീയതികളിൽ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ്റെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും എസ്.ജയശങ്കർ പങ്കെടുക്കും. 5 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ചൈനയിൽ സന്ദർശനത്തിനെത്തുന്നത്.
2020ൽ നടന്ന അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇത് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ചച നടത്തുന്നത്. ദലൈലാമയുടെ പിന്തുടർച്ചാവകാശം, ഇന്ത്യ-പാകിസ്‌ഥാൻ സംഘർഷം, ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കൽ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. കഴിഞ്ഞ മാസം, ക്വിങ്ദാവോയിൽ നടന്ന എസ്സിഒ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ രാജ്നാഥ് സിങ് ചൈനയിലെത്തിയിരുന്നു.
















© Copyright 2025. All Rights Reserved