
സംസ്ഥാന സർക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം പ്രതിഫലിക്കും. കഴിഞ്ഞ ഏഴരക്കൊല്ലക്കാലമായി ഈ ജനവിരുദ്ധ സർക്കാരിനെ സഹിച്ച ജനങ്ങൾ അവരുടെ മനസ്സിൽ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതു സർക്കാരല്ല കൊള്ളക്കാരാണ് എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശൻ പറഞ്ഞു. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണുപോയ പിണറായി വിജയനാണ് സർക്കാരിന് നേതൃത്വം കൊടുക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങൾ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ കൊള്ള ഇതെല്ലാം പ്രതിപക്ഷം ജനങ്ങളുടെ മുന്നിൽ കൊണ്ടു വന്നു. ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ വൈദ്യുതി കരാർ പിണറായി സർക്കാർ റദ്ദാക്കി.
ഒരു യൂണിറ്റിന് 4.27 പൈസ എന്ന നിരക്കിലായിരുന്ന പവർ പർച്ചേസ് എഗ്രിമെന്റ് റദ്ദു ചെയത് ഈ സർക്കാർ വാങ്ങിയത് ഏഴു രൂപയ്ക്കാണ്. ഇതുമൂലം കഴിഞ്ഞ നാലുമാസക്കാലം കൊണ്ട് 750 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായത്. വൻകിട കൊള്ള നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പവർപർച്ചേസ് റദ്ദാക്കിയതിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു. ഒരു ഭരണ നേട്ടമെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചു. ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ ഓണക്കാലത്ത് മാവേലി സ്റ്റോറിൽ ഒരു സാധനവും ഉണ്ടായിരുന്നില്ല. സിവിൽ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യതയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
















© Copyright 2025. All Rights Reserved