വി. ശിവൻകുട്ടി കിലെ ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴും നടത്തിയ മുഴുവൻ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിലെയിൽ പിൻവാതിൽ നിയമനം നേടിയ മുഴുവൻ ജീവനക്കാരെയും അടിയന്തരമായി പിരിച്ചു വിടാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകുന്നതുവഴി മന്ത്രി ശിവൻകുട്ടി സത്യപ്രത്ജ്ഞ ലംഘനമാണ് നടത്തിയതെന്നും സത്യ പ്രതിജ്ഞ ലംഘനം നടത്തിയ ഒരാൾക്ക് ഒരു നിമിഷം പോലും മന്ത്രിയായരിക്കാനുള്ള അവകാശമില്ലെന്നും സതീശൻ വ്യക്തമാക്കി. അൽപമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കിൽ ശിവൻകുട്ടി രാജി വച്ച് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നര കോടി ജനങ്ങൾക്കുവേണ്ടിയല്ല സ്വന്തക്കാർക്കും പാർട്ടിക്കു വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളിലും പിൻ വാതിൽ നിയമനമാണ് നടക്കുന്നത്. സർക്കാർ യോഗ്യതയുള്ളവരെ ഇരുട്ടത്തു നിർത്തി ബന്ധുക്കളെയും പാർട്ടികാരെയും സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളിൽ നിയമിക്കുന്നതുവഴി യുവജനങ്ങളെയും പൊതു സമൂഹത്തേയും വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
















© Copyright 2025. All Rights Reserved