കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കണമെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വിഹിതം കേന്ദ്രം തന്നേ പറ്റൂവെന്നും അതിന് സർവകക്ഷികളും ഒന്നിച്ചുനിൽക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഞങ്ങൾ തയാറാണ്. സംസ്ഥാനത്തെ ഗവർണറും അന്തസ്സ് പുലർത്തുന്നില്ലെന്നും അദ്ദേഹം പച്ചയ്ക്ക് രാഷ്ട്രീയം പറയുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
ഗവർണറെ എല്ലാ കാര്യത്തിലും പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു. പദവി നോക്കാതെ പലതും വിളിച്ചുപറയുന്നതും ബില്ലുകളിൽ ഒപ്പിടാതിരിക്കുന്നതും പച്ചയ്ക്ക് രാഷ്ട്രീയം പറയുന്നതും ശരിയാണോ എന്ന് ആലോചിക്കണം. ഗവർണർ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തിന് ഫണ്ട് നൽകണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രനീക്കത്തിനെതിരെ യോജിച്ച നീക്കത്തിന് സർക്കാർ തയാറായാൽ പ്രതിപക്ഷം അതിനെ പിന്തുണയ്ക്കും. കേരളത്തിന് അർഹതപ്പെട്ടത് കിട്ടാതിരുന്നാൽ ജനങ്ങളാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക. കേന്ദ്രനയത്തിനെതിരെ പ്രതിപക്ഷത്തേയും കൂട്ടി സർക്കാർ നടത്തുന്ന ഏത് നീക്കത്തേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡസ്ക് മാഗ്ന വിഷൻ...
© Copyright 2023. All Rights Reserved