കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവാദ ചിത്രങ്ങളിൽ ഒന്നാണ് ‘ദ കേരള സ്റ്റോറി’. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം ഒരു പ്രൊപ്പഗാണ്ട സിനിമ ആയാണ് എത്തിയത്. കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്നുമാണ് സിനിമ ആരോപിച്ചത്.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സുദീപ്തോ സെൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ മലയാള സിനിമയെ മുൾമുനയിലാക്കിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് വിഷയമാക്കി സുദീപ്തോ സെൻ പുതിയ സിനിമ ഒരുക്കും എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
-------------------aud--------------------------------
ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹേമാ കമ്മിറ്റി റിപ്പോർട്ട് ആസ്പദമാക്കി ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ സുദീപ്തോ സെൻ തള്ളിയിട്ടുണ്ട്. ഈ വാർത്തകൾ എവിടുന്ന് വന്നുവെന്ന് അറിയില്ല എന്നാണ് സംവിധായകൻ പറയുന്നത്. ഈ റിപ്പോർട്ടുകൾ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. അതൊന്നും സത്യമല്ല. ഈ റിപ്പോർട്ടുകൾ കണ്ട് ഞാനും നിർമ്മാതാവ് വിപുൽ ഷായും ചിരിച്ചു. കേരളാ സ്റ്റോറിയുടെ സീക്വൽ ഉണ്ടാകും തിരക്കഥ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല ഒരുങ്ങുന്നത് എന്ന് സുദീപ്തോ സെൻ വ്യക്തമാക്കി. അതേസമയം, 2023ൽ റിലീസ് ചെയ്ത കേരളാ സ്റ്റോറി 303.97 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. അദാ ശർമ്മയാണ് ചിത്രത്തിൽ നായികയായത്. യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്നാനി, ദേവദർശിനി, വിജയ് കൃഷ്ണ, പ്രണയ് പച്ചൗരി, പ്രണവ് മിശ്ര, പ്രണാലി ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം ബംഗാളിലും തമിഴ്നാട്ടിലും ആദ്യം നിരോധിച്ചിരുന്നു. എന്നാൽ പിന്നീട് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved