
ദോഹ ആദ്യമായാണ് ഒരു ഗൾഫ് രാജ്യത്ത് ഇസ്രയേൽ ആക്രമണം നടത്തുന്നത്. പലസ്‌തീനുമായി നിരന്തരം സംഘർഷം തുടരുമ്പോഴും ഗൾഫ് രാജ്യങ്ങളോടു നേരിട്ട് ഏറ്റുമുട്ടലിന് ഇസ്രയേൽ തുനിഞ്ഞിരുന്നില്ല. എതിർപ്പുകൾ നിലനിൽക്കുമ്പോഴും സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായി അനുരഞ്ജന വഴിയാണ് ഗൾഫ് രാജ്യങ്ങളും സ്വീകരിച്ചിരുന്നത്. ഈ വർഷം ഇതു രണ്ടാം തവണയാണ് ഖത്തർ ആക്രമിക്കപ്പെടുന്നത്. ഇസ്രയേൽ ഇറാൻ യുദ്ധത്തിനിടെ കഴിഞ്ഞ ജൂൺ 23ന് ഇറാൻ ഖത്തറിനെ ആക്രമിച്ചിരുന്നു. അന്ന്, ഖത്തറിലെ അമേരിക്കൻ സൈനിക ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണമെങ്കിൽ ഇത്തവണ ഖത്തറിലെ ഹമാസ് താവളമാണ് ഇസ്രയേൽ ലക്ഷ്യമാക്കിയത്.
ഗാസയിലെ വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിർദേശങ്ങളെ തത്വത്തിൽ അംഗീകരിക്കുന്നെന്നും ചർച്ചൾക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിൻ്റെ ആക്രമണം. കിഴക്കൻ ജറുസലമിൽ കഴിഞ്ഞദിവസമുണ്ടായ വെടിവയ്‌പിൽ 6 ഇസ്രയേലുകാർ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഖത്തറിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു.
ലെഗ്‌തിഫ്യ പെട്രോൾ സ്‌റ്റേഷനു സമീപത്തായുള്ള വസതിയിൽ വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീൽ അൽ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവൻ സഹീർ ജബാറിൻ, ശുറ കൗൺസിൽ അധ്യക്ഷൻ മുഹമ്മദ് ദാർവിഷ്, വിദേശകാര്യ തലവൻ ഖാലിദ് മാഷൽ എന്നിവരും ആക്രമണം നടക്കുമ്പോൾ അൽ ഹയ്യയ്‌ക്കൊപ്പം വസതിയിൽ ഉണ്ടായിരുന്നു. ഖത്തർ സൈന്യത്തിൻ്റെ സുരക്ഷയിലുള്ള കെട്ടിടത്തിലാണ് ആക്രമണം നടത്തിയത്.
അൽ ഹയ്യ ഉൾപ്പെടെ നേതാക്കൾ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും അദ്ദേഹം ആക്രമണത്തെ അതിജീവിച്ചതായി ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് സ്‌ഥിരീകരിച്ചെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, അൽ ഹയ്യയുടെ മകൻ ഹുമാം ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടതായി ഹമാസ് രാഷ്ട്രീയ ഓഫിസ് അംഗം സുഹൈൽ അൽ ഹിന്ദി അൽ ജസീറയോടു പറഞ്ഞു. ഖത്തർ സുരക്ഷാസേനാംഗങ്ങളിലൊരാൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ആക്രമണം വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ഖത്തറും യുഎഇയും അറിയിച്ചു.
















© Copyright 2025. All Rights Reserved