ഇന്ത്യൻ സിനിമയുടെ വിദേശ മാർക്കറ്റുകളിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന ഇടങ്ങളിൽ ഒന്നാണ് ജിസിസി രാജ്യങ്ങൾ. മലയാള സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ജിസിസി റിലീസ്. മലയാളികൾ അത്രയധികം അവിടെയുണ്ട് എന്നതുതന്നെ കാരണം. അതിനാൽത്തന്നെ മികച്ച സ്ക്രീൻ കൗണ്ടോടെയുള്ള റിലീസ് ആണ് ഇന്ത്യൻ സിനിമകൾക്ക് ജിസിസിയിൽ പൊതുവെ ഉണ്ടാവാറ്. ഇപ്പോഴിതാ ഈ വർഷത്തെ തെന്നിന്ത്യൻ റിലീസുകളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ അഞ്ച് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളൊക്കെയുള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഒരു മലയാള ചിത്രമാണ്.
ഈ വർഷത്തെ റിലീസുകളിൽ ജിസിസിയിൽ ഏറ്റവും കളക്ഷൻ നേടിയ 5 തെന്നിന്ത്യൻ സിനിമകളിൽ രണ്ട് മലയാള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവുമാണ്. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ ആണ് ഒന്നാം സ്ഥാനത്ത്. 12 കോടിയാണ് ചിത്രം അവിടെ നേടിയ കളക്ഷൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനാണ് രണ്ടാം സ്ഥാനത്ത്. 8 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. അബ്രഹാം ഓസ്ലറുടെ റിലീസ് ജനുവരി 11 നും വാലിബൻറേത് 25 നും ആയിരുന്നു.
മൂന്ന്, നാല് സ്ഥാനങ്ങളിൽ തമിഴ് ചിത്രങ്ങളാണ്. മൂന്നാം സ്ഥാനത്ത് ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറും നാലാം സ്ഥാനത്ത് ശിവകാർത്തികേയൻ നായകനായ അയലാനും. ക്യാപ്റ്റൻ മില്ലർ 4.4 കോടിയും അയലാൻ 4 കോടിയുമാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് തെലുങ്കിൽ നിന്ന് വമ്പൻ വിജയം നേടിയ ഹനുമാൻ ആണ്. 3 കോടിയാണ് ചിത്രത്തിൻറെ നേട്ടം. ബോക്സ് ഓഫീസ് ട്രാക്കർമാരായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടേതാണ് ലിസ്റ്റ്.
© Copyright 2024. All Rights Reserved