
കയ്റോ ഗാസ സമാധാനക്കരാർ ഒപ്പിട്ട ഈജിപ്തിലെ ഉച്ചകോടിയിൽ നിരവധി രാഷ്ട്രത്തലവൻമാർ പങ്കെടുത്തെങ്കിലും ശ്രദ്ധ നേടിയത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയാണ്. അവരുടെ വ്യത്യസ്‌ത മുഖഭാവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിങ്ങളെ സുന്ദരിയെന്ന് വിളിച്ചോട്ടെ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചതും ചർച്ചയായി.
ഉച്ചകോടിയിൽ സംസാരിക്കവേ, അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ട്രംപിനെ പരസ്യമായി നാമനിർദ്ദേശം ചെയ്‌തിരുന്നു. വേദിയിൽ മറ്റു രാഷ്ട്രത്തലവൻമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ട്രംപിനെ ഷരീഫ് 'സമാധാനത്തിന്റെ മനുഷ്യൻ' എന്നു വിശേഷിപ്പിക്കുകയും ചെയ്തു. അവിശ്വസനീയമായതു കേട്ടതുപോലെ, ചെറുതായി പുഞ്ചിരിച്ച് മെലോനി കൈ കൊണ്ടു വായ് മറയ്ക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ട്രംപിനെ ഷെഹ്ബാസ് പുകഴ്ത്തുന്നതു തുടർന്നതോടെ മെലോനിയുടെ മുഖഭാവവും മാറുന്നുണ്ട്.
"യുഎസ് പ്രസിഡൻ്റിനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്നു. അദ്ദേഹം സമാധാനം കൊണ്ടുവരിക മാത്രമല്ല ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്‌തു"-പാക്ക് പ്രധാനമന്ത്രി കുട്ടിച്ചേർത്തു. ട്രംപിനെ ഷെരീഫ് പ്രശംസിക്കുന്നതിൽ താൽപര്യമില്ലാത്ത മട്ടിലാണ് പുറകിലായി മെലോനി നിൽക്കുന്നത്. മെലോനിയുടെ മുഖഭാവം സംബന്ധിച്ച് നിരവധി കമൻറുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മെലോനിയുടെ പ്രതികരണം ഗംഭീരമാണെന്ന് ചിലർ പ്രതികരിച്ചു.
















© Copyright 2025. All Rights Reserved