നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ നേര്‍ക്കു നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ഇതുവരെയുള്ള പോരാട്ട ചരിത്രം എങ്ങനെയെന്ന് നോക്കാം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ഇതുവരെ പരസ്പരം കളിച്ച മത്സരങ്ങളില്‍ 20 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 13 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാല്‍ ലോകകപ്പിന്‍റെ പോരാട്ട ചരിത്രമെടുത്താല്‍ പക്ഷെ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്.
ലോകകപ്പുകളില്‍ ഇതുവരെ പരസ്പരം കളിച്ച ആറ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു. ഈ ലോകകപ്പില്‍ വിശാഖപട്ടണത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്കയായിരുന്നു ജയിച്ചു കയറിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിച്ച ഘോഷിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 49.5 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 142-6 എന്ന സ്കോറില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് നദീൻ ഡി ക്ലാര്‍ക്കിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്ക അവിശ്വസനീയ വിജയം പിടിച്ചെടുത്തിരുന്നു. എട്ടാമതായി ക്രീസിലെത്തിയ ക്ലാര്‍ക്ക് 54 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നാണ് ദക്ഷിണാഫ്രിക്കക്ക് അവിശ്വസീനിയ ജയം സമ്മാനിച്ചത്.
















© Copyright 2025. All Rights Reserved