
ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ വിജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിൽ പൈലറ്റ് മരിച്ചു.
സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണമറിഞ്ഞ വിമാനം നേരെ താഴേക്കു പതിച്ചു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.
ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു. ഹിന്ദുസ്‌ഥാൻ എയ്റോനോട്ടിക‌് ലിമിറ്റഡ് നിർമിക്കുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക.
രണ്ടു വർഷത്തിലൊരിക്കലാണ് ദുബായിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന എയർ ഷോ നടക്കാറുള്ളത്. ഇത്തവണ ദുബായ് വേൾഡ് സെൻട്രലിൽ എയർഷോയുടെ 19-ാമത് പതിപ്പാണ് നടന്നുകൊണ്ടിരുന്നത്. 115 രാജ്യങ്ങളിൽ നിന്നായി 200ലധികം വിമാനങ്ങളാണ് പങ്കെടുക്കുന്നത്.
പൈലറ്റിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു. അപകട കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്നും വ്യോമസേന അറിയിച്ചു.
















© Copyright 2025. All Rights Reserved