മുംബൈയിലും പത്താൻകോട്ടിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ ആസൂത്രകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും. 2+2 ചർച്ചയുടെ സംയുക്ത പ്രസ്താവനയിലാണു പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ശക്തമായ പരാമർശം. ഏതു രൂപത്തിലുള്ള ഭീകരതയെയും അപലപിക്കുന്നുവെന്നും ഭീകരർക്ക് ഏതു തരത്തിലുള്ള സഹായം നൽകുന്നതും അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, പശ്ചിമേഷ്യ, റഷ്യ- യുക്രെയ്‌ൻ യുദ്ധം, ക്യാനഡ- ഇന്ത്യ തർക്കവിഷയങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, വർധിച്ചുവരുന്ന ഭീകരത, സിഖ് ഭീകരസംഘങ്ങളുയർത്തുന്ന വെല്ലുവിളികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് ഇന്ത്യ യുഎസ് 2+2 എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിരോധ- വിദേശകാര്യ ചർച്ചയിൽ പങ്കെടുത്തത്.പ്രതിരോധ ഉപകരണങ്ങളുടെ നിർമാണം, തന്ത്രപ്രധാന ധാതുമേഖല, ഉന്നത സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനും ചർച്ചയിൽ ധാരണ. ഇന്ത്യ- പസഫിക്കിൽ ചൈനയുടെ ബലപ്രയോഗ നീക്കങ്ങളെ നേരിടാനും ഇസ്രയേൽ- ഹമാസ് യുദ്ധത്തെത്തുടർന്ന് ഉരുത്തിരിയുന്ന സാഹചര്യങ്ങൾ ഒരുമിച്ച് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
© Copyright 2023. All Rights Reserved