പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിഷയത്തിൽ ഡൽഹി ഹൈക്കോടതിയെയാണു സമീപിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണു പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. യുഎപിഎ നിയമ പ്രകാരമായിരുന്നു നടപടി. സംഘടനയുടെ നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണു നിരോധന ഉത്തരവുണ്ടായത്. നിരോധനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവയ്ക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി ദിനേശ് കുമാര്‍ ശര്‍മയുടെ അധ്യക്ഷതയിലായിരുന്നു ട്രൈബ്യൂണല്‍. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നിരോധനം ശരിവച്ചതെന്നു പോപ്പുലര്‍ ഫ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചു.
ഭരണഘടനയുടെ 32ാം അനുഛേദപ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വേല എം. ത്രിവേദിയും ഉള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.
എന്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നു ഡിവിഷന് ബെഞ്ച് ചോദിച്ചു. ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരം ട്രൈബ്യൂണല്‍ നടപടിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാം. കോടതി ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാനും ഇക്കാര്യം അംഗീകരിച്ചു. സുപ്രീംകോടതിക്ക് മുമ്പിലെത്തിയ ഹര്‍ജി തീര്‍പ്പായെങ്കിലും സംഘടനയ്ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാകും. ഹൈക്കോടതി തീരുമാനത്തിനു ശേഷം ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും സുപ്രീംകോടതിയിലെത്താനും കഴിയും.
© Copyright 2023. All Rights Reserved