വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നിൽ വച്ച് ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. 70 കോടിയോളം വില വരുന്ന ഒബാമയുടെ വസതിക്ക് മുന്നിൽ വച്ചാണ് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ കയ്യേറ്റമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്യതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 21ന് പ്രാദേശിക സമയം പുലർച്ചെ 2.30ഓടെയാണ് കയ്യാങ്കളിയുണ്ടായത്.
സംഭവം നടന്ന അന്ന് തന്നെ സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായാണ് വിവരം. പെരുമാറ്റ ചട്ട ലംഘനത്തിനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം കമല ഹാരിസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സീക്രട്ട് ഏജന്റിനെ സഹപ്രവർത്തകരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ പുറത്താക്കിയിരുന്നു. വളരെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് സീക്രട്ട് സർവ്വീസിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത് എന്നിരിക്കെയാണ് ഇത്തരം ഗുരുതര കൃത്യ വിലോപങ്ങൾ സംഭവിക്കുന്നത്. സീക്രട്ട് ഏജന്റുമാർക്കിടയിലെ ഏറ്റുമുട്ടലിനേക്കുറിച്ച് ഒബാമയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
ഡ്യൂട്ടി സമയത്ത് എത്താൻ വൈകിയതിന്റെ പേരിലാണ് ഉദ്യോഗസ്ഥർക്കിടയിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഉദ്യോഗസ്ഥർക്കെതിരായ ആഭ്യന്തര അന്വേഷണം നടക്കുന്നതായും അധികൃതർ വിശദമാക്കി. കഴിഞ്ഞ ജൂലൈയിൽ ട്രംപിനെതിരായി വധശ്രമം നടന്നിന് പിന്നാലെ സീക്രട്ട് സർവ്വീസ് ഏജൻസി ചീഫ് കീംബെർലി രാജി വച്ചിരുന്നു.
© Copyright 2024. All Rights Reserved