കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ ബാണാസുര സാഗറിന്‍റെ ഷട്ടറുകളുടെ കാര്യക്ഷമത പരിശോധിച്ചു. നിലവില്‍ വെള്ളം അപകടകരമായ തോതിലേക്ക് ഉയര്‍ന്നിട്ടില്ല. എങ്കിലും വരും ദിവസങ്ങളില്‍ കൂടി മഴയുണ്ടായാല്‍, റൂള്‍ ലെവല്‍ മറികടക്കുന്ന സ്ഥിതിയുണ്ടായാല്‍ അണക്കെട്ട് തുറക്കുന്നതിന്റെ മുന്‍കരുതല്‍ എന്ന നിലക്കാണ് ഷട്ടറുകളുടെ പ്രവര്‍ത്തനം കെഎസ്ഇബി അധികാരികള്‍ ഷട്ടറുകളുടെ കാര്യക്ഷമത പരിശോധിച്ചത്.
അണക്കെട്ടില്‍ ചൊവ്വാഴ്ചത്തെ ജലനിരപ്പ് 760.15 മീറ്റര്‍ ആണെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജലനിരപ്പ് റൂള്‍ ലെവലിന് 1.50 മീറ്റര്‍ താഴെ എത്തിയാല്‍ ബ്ലൂ അലര്‍ട്ടും ഒരു മീറ്റര്‍ താഴെ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും അര മീറ്റര്‍ താഴെ എത്തുന്ന മുറയ്ക്ക് റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ മറികടക്കുന്ന സാഹചര്യമുണ്ടായാല്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടറുടെ അനുമതിയോടെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി അണക്കെട്ടിലേക്ക് എത്തുന്ന അധിക ജലം തുറന്നു വിടും. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് സ്പില്‍വേ റേഡിയല്‍ ഷട്ടറുകളാണുള്ളത്. നിലവില്‍ എല്ലാ ഷട്ടറുകളും പ്രവര്‍ത്തിക്കുന്നവയാണ്.
© Copyright 2024. All Rights Reserved