ഒന്നിനു പുറകെ ഒന്നായി ബ്രിട്ടനെ വലയ്ക്കാൻ കൊടുങ്കാറ്റുകൾ എത്തുകയാണ്. ബാബിറ്റും കിരണും ഏറെ ദുരിതങ്ങൾ സമ്മാനിച്ച് പിന്തിരിഞ്ഞപ്പോൾ അടുത്ത ഊഴക്കാരനായി ഡെബി കൊടുങ്കാറ്റെത്തുന്നു. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും പെയ്യുമെന്നതിനാൽ അയർലന്ദിൽ വാർണിംഗ് നൽകിക്കഴിഞ്ഞു. യു കെ യിൽ ഈ സീസണിലെത്തുന്ന നാലാമത്തെ വലിയ കൊടുങ്കാറ്റാണിത്.ഇന്ന് രാവിലെ വടക്കൻ ഇംഗ്ലണ്ടിലും വെയ്ൽസിന്റെ ചില ഭാഗങ്ങളിലും എത്തുന്ന കാറ്റ് കനത്ത മഴയും കൊണ്ടുവരുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 80 മൈൽ വേഗതയിൽ വരെ കാറ്റ് ആഞ്ഞ് വീശും. വെയ്ൽസിലെ ബാംഗോർ, സെയിന്റ് ഡേവിഡ്സ് എന്നിവിടങ്ങളിലും, മാഞ്ചസ്റ്റർ, ഷെഫീൽഡ്, ലിവർപൂൾ എന്നിവിടങ്ങളിലും ഇന്ന് വെളുപ്പിന് 4 മണി മുതൽ വൈകിട്ട് 6 മണിവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ശക്തിയേറിയ കാറ്റിൽ പറന്നു പൊങ്ങുന്ന കെട്ടിടാവശിഷ്ടങ്ങളും മറ്റും ജീവന് അപായമുണ്ടാക്കിയേക്കാം എന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്കോട്ട്ലാൻഡിലെ അബെർഡിൻഷയറിൽ രാവിലെ 10 മണി മുതൽ രാത്രി 9 മണിവരെയാണ് യെല്ലോ വാർണിംഗ് നിലനിൽക്കുക. ഇന്ന് അതിരാവിലെ തന്നെ അയർലൻഡിൽ ശക്തമായ കാറ്റ് ഉണ്ടാകും. പിന്നീട് ഉച്ചയോടു കൂടിയായിരിക്കും അത് വെയ്ൽസിലും വടക്കൻ ഇംഗ്ലണ്ടിലും എത്തിച്ചേരുക.അതിശക്തമായ കാറ്റ് യു കെയിൽ എത്തിച്ചേരുന്നതിന് മുൻപ് തന്നെ അല്പം ശക്തി കുറയുമെങ്കിലും കാര്യമായ പ്ര്ത്യാഘാതങ്ങൾ ഉണ്ടാക്കാൻ അതിനു കഴിയും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. അതുകോണ്ടു തന്നെ വിൻഡ് വാർണിംഗും നൽകിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ വെയ് ൽസിലും ഇംഗ്ലണ്ടിലും കാറ്റിന് മണിക്കൂറിൽ 70 മൈൽ മുതൽ 80 മൈൽ വേഗത വരെ കൈവരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.അതേസമയം അയർലൻഡിൽ ആകമാനം കാറ്റിനും മഴയ്ക്കുമുള്ള യെല്ലോ വാർണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ് ഐറിഷ് മെറ്റിരിയോളജിക്ക് കൽ ഏജൻസി. ഇന്ന് മുഴുവൻ ആ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. മണിക്കൂറിൽ 65 മൈൽ വരെ വേഗം ഇവിടെ കാറ്റിന് കൈവരിക്കാൻ ആകുമെന്നാണ് കണക്കാക്കുന്നത്. ചിലയിടങ്ങളിൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യതയുണ്ട്. മരങ്ങള കടപുഴകി വീഴുന്നതിനും, അപകടകരമായ ഡ്രൈവിംഗ് സാഹചര്യം ഉടലെടുക്കുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല, ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം.
© Copyright 2023. All Rights Reserved