ഏറെ ആഘോഷിച്ച ഒരു സിനിമയാണ് ബാഹുബലി. 2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് ചിത്രങ്ങളും നേടിയത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബതി എന്നിവർ അഭിനയിച്ച ഈ ചിത്രങ്ങൾ ചരിത്രം സൃഷ്ടിക്കുകയും ഇന്ത്യൻ സിനിമക്ക് ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. ഇപ്പോൾ 10 വർഷങ്ങൾക്ക് ശേഷം, ബാഹുബലി മാജിക് വീണ്ടും തിയറ്ററുകളിലേക്ക് വരുന്നു. ആരാധകർ വളരെ ആവേശത്തിലാണ്! ബാഹുബലി: ദി ബിഗിനിംഗ് 10 വർഷം ആഘോഷിക്കുന്നതിനായി 2025 ഒക്ടോബറിൽ ഗംഭീര റീ റിലീസ് നടത്താൻ നിർമാതാക്കൾ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇത്തവണ ഒരു ട്വിസ്റ്റ് ഉണ്ട്. രണ്ട് സിനിമകളിലെയും ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ രംഗങ്ങൾ ഒരു സിനിമയായി സംയോജിപ്പിച്ചാണ് ഇത്തവണ തിയറ്ററിലെത്തുന്നത്. ആരാധകർക്ക് ഒറ്റയിരിപ്പിൽ മുഴുവൻ കഥയും പുതിയൊരു അനുഭവത്തോടെ ആസ്വദിക്കാൻ കഴിയും.
-------------------aud--------------------------------
നിർമാതാവ് ഷോബു യാർലഗദ്ദയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ചത്. ഈ റി റിലീസ് വെറുമൊരു തിരിച്ചുവരവ് ആയിരിക്കില്ലെന്നും വർഷം മുഴുവൻ ആഘോഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ അപ്‌ഡേറ്റുകൾക്കായി ആരാധകർക്ക് പ്രതീക്ഷിക്കാമെന്നും ഷോബു കുറിച്ചു. തെലുങ്ക് സിനിമയിൽ ഏറെ ആഘോഷിച്ച, ആരാധകരുള്ള ഒരു ചിത്രമാണ് ബാഹുബലി. പ്രഭാസിനും രാജമൗലിക്കും സിനിമ വലിയ പ്രശസ്തിയാണ് ഉണ്ടാക്കി കൊടുത്തത്.
© Copyright 2024. All Rights Reserved