മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിത്ത കാമുകൻ സ്ഫോടനത്തിൽ മരിച്ചു, കാമുകി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. തായ്‌ലന്റിലാണ് സംഭവം. താനുമായി വീണ്ടും യോജിച്ചു പോകാൻ മുൻകാമുകി തയ്യാറാകാത്തതിനെ തുടർന്നാണ് കാമുകിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കാമുകൻ അവരുടെ വീടിനുനേരെ ഹാൻഡ് ഗ്രനേഡ് എറിഞ്ഞത്. എന്നാൽ, സ്ഫോടനത്തിൽ നിന്ന് കാമുകി രക്ഷപ്പെടുകയും കാമുകൻ കൊല്ലപ്പെടുകയും ചെയ്തു.
ബാങ്കോക്ക് പോസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച്, മെയ് 25 -നാണ് സംഭവം നടന്നത്. ഗ്രനേഡ് സ്ഫോടനത്തിൽ 35 വയസ്സുള്ള യുവാവ് കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പൊലീസ് റിപ്പോർട്ട്. തായ്‌ലൻഡിലെ താ ചാന ജില്ലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സുരപോംഗ് തോങ്‌നാക്ക് എന്ന യുവാവാണ് സ്ഫോടനത്തിന് പിന്നിൽ. കാമുകിയുമായി വേർപിരിഞ്ഞ ഇയാൾ നിരവധി തവണ അവരുമായി വീണ്ടും യോജിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, യുവതി അതിന് തയ്യാറായില്ല. ഇതോടെ യുവതിയോട് കടുത്ത വിദ്വേഷം പ്രകടിപ്പിച്ച സുരപോംഗ് തോങ്‌നാക്ക് അവളെ കൊലപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചു.
വീടിന് നേരെ ഗ്രനേഡ് എറിയുന്നതിന് മുൻപ് യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. നാട്ടുകാരാണ് അപ്പോൾ യുവതിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് തന്റെ കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്രനേഡ് എടുത്ത് ഇയാൾ യുവതിയുടെ വീട് ലക്ഷ്യമാക്കി എറിയുകയായിരുന്നു. M26 ഫ്രാഗ്മെന്റേഷൻ ഗ്രനേഡായ അത് ഉടൻ പൊട്ടിത്തെറിച്ചില്ല. ഗ്രനേഡ് പൊട്ടിത്തെറിക്കാതിരുന്നപ്പോൾ അത് വീണ്ടും കയ്യിലെടുത്ത് പരിശോധിക്കുന്നതിനിടയിൽ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ സുരപോംഗ് തോങ്‌നാക്ക് കൊല്ലപ്പെട്ടു. ആ സമയം പരിസരത്തുണ്ടായിരുന്ന ഏതാനും പേർക്കും പരിക്കേറ്റു. എന്നാൽ, യുവതി സുരക്ഷിതയായി രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്നും 500 ഗ്രാം മെത്താംഫെറ്റാമൈൻ പൊലീസ് കണ്ടെത്തി. സ്ഫോടനത്തിൽ ഇയാളുടെ കാറും ഭാഗികമായി തകർന്നിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ മുൻപ് മയക്കുമരുന്നായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുള്ളതായാണ് പൊലീസ് പറയുന്നത്.
© Copyright 2024. All Rights Reserved