
ജറുസലം ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിൽ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിനു കീഴടങ്ങില്ലെന്ന് പലസ്‌തീൻ സംഘടന അറിയിച്ചു. ഇക്കാര്യത്തിൽ മധ്യസ്‌ഥ രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാട്. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങൾ കൈമാറിയാൽ മതിയെന്ന ശുപാർശ ഈജിപ്ത് മുന്നോട്ടുവച്ചു.
200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിലുള്ളത്. ഇവർ ഇസ്രയേലിനു കീഴടങ്ങുന്നത് ഹമാസിനെ നിരായുധീകരിക്കുമെന്ന വെടിനിർത്തൽ കരാർ വ്യവസ്‌ഥ നടപ്പാക്കാനുള്ള നിർണായക ചുവടുവയ്‌പാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
അതിനിടെ, 2014 ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികന്റെ മൃതദേഹം ഹമാസ് കൈമാറി. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 69,169 പലസ്‌തീൻകാർ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു. ഒക്ടോബർ 31നുശേഷം കെടിടാവശിഷ്‌ടങ്ങൾക്കടിയിൽനിന്ന് 284 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്.
















© Copyright 2025. All Rights Reserved