ലണ്ടനിലെ ല്യൂടൻ എയർപോർട്ടിൽ ഉണ്ടായ വൻ അഗ്നിബാധയെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി ഒതുങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. കനത്ത തീപിടുത്തത്തിൽ പുതുതായി നിർമ്മിച്ച 20 മില്ല്യൺ പൗണ്ടിന്റെ ബഹുനില കാർ പാർക്കിംഗ് കത്തി ചാമ്പലായി. സംഭവത്തെ തുടർന്ന് ഇവിടെ നിന്നുള്ള വിമാനങ്ങൾ കൂട്ടമായി റദ്ദാക്കേണ്ടി വന്നിരുന്നു. നൂറിലേറെ ഫയർഫോഴ്‌സ് അംഗങ്ങൾ 12 മണിക്കൂറിലേറെ യത്‌നിച്ച ശേഷമാണ് എയർപോർട്ടിലെ ടെർമിനൽ 2 കാർ പാർക്കിലെ തീ കെടുത്താൻ കഴിഞ്ഞത്. 20 മില്ല്യൺ പൗണ്ട് ചെലവിട്ട് നിർമ്മിച്ച കാർ പാർക്കിലെ അഗ്നി ഇന്നലെ രാത്രി 9 മണിയോടെയാണ് ശമിച്ചത്. ഒരു റേഞ്ച് റോവർ കാറിലെ ഇലക്ട്രിക് പിശകോ, ഫ്യുവൽ ലൈൻ ലീക്കോ ആണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
ഈ കാറിൽ നിന്നും അടുത്തുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങളിലേക്കും തീ ആളിപ്പടർന്നു. കാർ പാർക്കിലുണ്ടായിരുന്ന 1500 വാഹനങ്ങൾ നശിച്ചതായാണ് ആശങ്ക. 1900 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുമായിരുന്ന ബഹുനില കാർ പാർക്കും തകർന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടെ എയർപോർട്ട് സർവ്വീസ് പുനരാരംഭിച്ചെങ്കിലും 140 വിമാന സർവ്വീസുകൾ റദ്ദായിരുന്നു. 50,000 യാത്രക്കാരെയാണ് ഇത് കുഴപ്പത്തിലാക്കിയത്.
സർവ്വീസുകൾ പുനരാരംഭിച്ചെങ്കിലും ഭൂരിഭാഗവും വൈകിയാണ് യാത്ര നടത്തുന്നത്. വരും ദിവസങ്ങളിലും പ്രതിസന്ധി അവശേഷിക്കുമെന്ന് എയർപോർട്ട് ജീവനക്കാർ പറയുന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് റേഞ്ച് റോവറിന് തീപിടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം 2019-ൽ തുറന്ന കാർ പാർക്കിൽ സ്പ്രിംഗ്ലർ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ടായില്ലെന്നത് കനത്ത വീഴ്ചയാണ്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് രാവിലെ നൂറ് കണക്കിന് യാത്രക്കാരാണ് ലുട്ടൻ എയർപോർട്ടിൽ കുടുങ്ങിയത്. ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്‌റ്റെഡ് എന്നീ വിമാനത്താവളങ്ങൾ കഴിഞ്ഞാൽ ലുട്ടൻ ആണ് യുകെയിലെ ഏറ്റവും വലിയ അഞ്ചാമത്തെ എയർപോർട്ട്. ഈ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം മൊത്തത്തിൽ കടന്ന് പോയത് 13 മില്യണിലധികം യാത്രക്കാരായിരുന്നു.
© Copyright 2023. All Rights Reserved