സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; ഹിമാചൽ പ്രദേശിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും

16/09/26
Himachal Pradesh to supply 250 MW electricity to Kerala

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കേരളത്തിന് നേരിയ ആശ്വാസമായി ഹിമാചൽ പ്രദേശിൽ നിന്നുള്ള അടിയന്തര സഹായം ലഭിക്കുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നൽകാൻ അവിടത്തെ സർക്കാർ അനുകൂല തീരുമാനമെടുത്തു. ആലപ്പുഴ എം.പിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുവുമായ കെ.സി. വേണുഗോപാലിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ വലിയ നേട്ടം സാധ്യമായത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി കെ.സി. വേണുഗോപാൽ നേരിട്ട് നടത്തിയ ചർച്ചകളാണ് ഇതിന് വഴിതുറന്നത്. നിലവിൽ തമിഴ്നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ ചെറിയ കുറവ് വരുത്തിയാണ് ഈ 250 മെഗാവാട്ട് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി വിതരണം സംബന്ധിച്ച തുടർനടപടികൾക്കായി ഹിമാചൽ പ്രദേശ്, കേരള ചീഫ് സെക്രട്ടറിമാർ തമ്മിൽ സുപ്രധാന ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. കടുത്ത വരൾച്ചയും ദേശീയ തലത്തിലുള്ള കൽക്കരി ക്ഷാമവും കാരണം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാൾക്കുനാൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഹിമാചൽ നിലവിൽ വൈദ്യുതി നൽകുന്നുണ്ട്. ഈ പുതിയ വിഹിതം ലഭിക്കുന്നതോടെ സംസ്ഥാനത്തെ വൈകുന്നേരങ്ങളിലെ പവർ കട്ടിൽ ചെറിയ ഇളവുകൾ കൊണ്ടുവരാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചേക്കും. എന്നിരുന്നാലും സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെ.എസ്.ഇ.ബി ഔദ്യോഗികമായി അറിയിച്ചു. വൈകുന്നേരം 6:15 മുതൽ അർധരാത്രി 12:45 വരെയുള്ള സമയങ്ങളിലാകും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. നിലവിലെ ഈ പവർ കട്ട് എന്ന് പൂർണ്ണമായി അവസാനിക്കുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപ്രഖ്യാപിതമായി തുടരുന്ന ഈ വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ വിമർശനമാണ് ഉയരുന്നത്. വടക്കേ ഇന്ത്യയിലെ കാലാവസ്ഥയിൽ മാറ്റം വന്നാൽ മാത്രമേ ദേശീയ തലത്തിലുള്ള കൽക്കരി ക്ഷാമത്തിന് പരിഹാരമാകുകയുള്ളൂ എന്ന് അധികൃതർ പറയുന്നു. അതുവരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ വീണ്ടും അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ വൈദ്യുതി പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങാനുള്ള സാധ്യതകളും ബോർഡ് പരിശോധിച്ചുവരികയാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu