മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോ? നൂറ്റാണ്ടുകളായി മനുഷ്യരാശിയെ കൗതുകപ്പെടുത്തുന്ന ഒരു ചോദ്യമാണിത്, ഹൃദയം മിടിക്കുന്നത് നിലയ്ക്കുകയും ശരീരം നിശ്ചലമാവുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും? ഈ ചോദ്യങ്ങൾക്കൊന്നുമുള്ള കൃത്യമായ ഉത്തരം ആർക്കും അറിയില്ലെങ്കിലും അത്തരം അവസ്ഥകളിലൂടെ താൻ കടന്നു പോയെന്ന് അവകാശപ്പെടുകയാണ് സ്പെയിനിലെ അൻഡലൂഷ്യയിൽ നിന്നുള്ള പത്രപ്രവർത്തകയും സാമൂഹ്യശാസ്ത്രജ്ഞയുമായ ടെസ്സ റൊമേറോ (50). ക്ലിനിക്കൽ പരിശോധനയില്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഇവർ 24 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. മരിച്ചുവെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ച 24 മിനിറ്റ് താൻ അനുഭവിച്ച കാര്യങ്ങൾ വിവരിക്കുകയാണ് ടെസ റൊമേറോ.
മറ്റേതൊരു ദിവസവും പോലെ സാധാരണമായാണ് ടെസ്സയുടെ ആ ദിവസവും ആരംഭിച്ചത്. പ്രഭാതത്തിലുള്ള സാധാരണ തിരക്കുകൾക്കിടയിൽ ടെസ തന്‍റെ മക്കളുമായി സ്കൂളിൽ പോവുകയായിരുന്നു. പെട്ടെന്ന് അവർ കുഴഞ്ഞുവീണു, ഹൃദയമിടിപ്പ് നിലച്ചു, ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ക്ലിനിക്കൽ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ ടെസ മരിച്ചതായി പ്രഖ്യാപിച്ചു. 'ആ സമയത്ത് താനൊരു യാത്രയിലായിരുന്നു' എന്നാണ് ടെസ, 24 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്ന് കഴിഞ്ഞ നിമിഷങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കവെ പറഞ്ഞത്. ഡോക്ടർമാർ തന്‍റെ ജീവൻ തിരികെ പിടിക്കാൻ ശ്രമം നടത്തുമ്പോൾ, വേദനോ, സമയമോ, ദുഃഖമോ ഒന്നുമില്ലാത്ത ഒരു ലോകത്തിലേക്കുള്ള സഞ്ചാരത്തിൽ ആയിരുന്നുവെന്നാണ് ടെസ പറഞ്ഞത്.
ടെസ, തന്‍റെ മരണത്തോടടുത്ത അനുഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ താൻ സഞ്ചരിച്ച ആ ഇടത്തെ വിശേഷിപ്പിക്കുന്നത് 'സമാധാനത്തിന്‍റെയും വ്യക്തതയുടെയും ഒരു മേഖല' എന്നാണ്. തന്‍റെ ചുമരിൽ നിന്ന് ഒരു വലിയ ഭാരം ഇറക്കിവിട്ടത് പോലെ തോന്നിയെന്നും ടെസ കൂട്ടിച്ചേര്‍ത്തു. ഒരു കെട്ടിടത്തിന് മുകളിൽ താൻ നിൽക്കുകയും താഴെ സ്വന്തം ശരീരം കണ്ടുവെന്നും ചുറ്റുമുള്ള എല്ലാവരെയും തനിക്ക് കാണാൻ കഴിഞ്ഞെങ്കിലും അവർക്കെല്ലാം താൻ അദൃശ്യയായിരുന്നുവെന്നും ടെസ പറയുന്നു. ഇനി തനിക്ക് മരണത്തെ ഭയമില്ലെന്നും അതൊരു അവസാനമല്ല മറിച്ച് ഒരു പരിവർത്തനം മാത്രമാണെന്നുമാണ് ടെസ അവകാശപ്പെട്ടത്. താൻ നേരിട്ട അനുഭവങ്ങൾ തനിക്ക് വല്ലാത്തൊരു ശാന്തത നൽകിയെന്നും അവർ വ്യക്തമാക്കുന്നു. '24 Minutes on the Other Side: Living Without Fear of Death' എന്ന പേരിൽ തന്‍റെ മരണാനന്തര യാത്രയെ കുറിച്ച് ടെസ ഒരു പുസ്തകവും ഇതിനിടെ എഴുതി.
© Copyright 2024. All Rights Reserved