ഇന്നത്തെ കാലത്ത് പുരുഷന്മാരിലും മുടികൊഴിച്ചിൽ സാധാരണമായി കാണപ്പെടുന്ന പ്രശ്നമാണ്. മാനസിക സമ്മർദ്ദം, അനിയന്ത്രിത ജീവിതശൈലി, പോഷകാഹാരക്കുറവ് തുടങ്ങിയ കാരണങ്ങളാൽ മുടി വേഗത്തിൽ കൊഴിയുകയും കഷണ്ടിയിലേക്ക് നയിക്കപ്പെടുകയും ചെയ്യാം. ശരിയായ പരിചരണവും സ്ഥിരമായ ശീലങ്ങളും പിന്തുടർന്നാൽ മുടികൊഴിച്ചിൽ ഒരു പരിധിവരെ നിയന്ത്രിക്കാം.
മുടി സംരക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗങ്ങൾ നോക്കാം:
തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തപ്രവാഹം വർധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കൽ വെളിച്ചെണ്ണ, റോസ്‌മേരി ഓയിൽ, അല്ലെങ്കിൽ പെപ്പർമിന്റ് ഓയിൽ പോലുള്ള എസൻഷ്യൽ ഓയിലുകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഗുണകരമാണ്. വൈറ്റമിൻ ഇയും ഫാറ്റി ആസിഡുകളും അടങ്ങിയ വെളിച്ചെണ്ണ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ഇരുമ്പും മുടിവളർച്ചയ്ക്ക് സഹായകരമാണ്. രാത്രി വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ഉലുവ കുതിർത്ത് വെച്ച് രാവിലെ അരച്ച് തലയോട്ടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം. താരൻ, മുടികൊഴിച്ചിൽ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും.
കറ്റാർവാഴയുടെ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും ശിരോചർമ്മത്തിലെ ചൊറിച്ചിൽ ശമിപ്പിക്കാനും സഹായിക്കും. ഉലുവയുമായി ചേർത്ത് ഉപയോഗിച്ചാൽ കൂടുതൽ ഗുണം ലഭിക്കും.
സവാള നീറിൽ അടങ്ങിയ സൾഫർ കൊളാജൻ ഉത്പാദനം വർധിപ്പിച്ച് മുടിവളർച്ച പ്രോത്സാഹിപ്പിക്കും. സവാള അരച്ച് നീര് എടുത്ത് തലയോട്ടിയിൽ പുരട്ടി 15-20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ ഒരിക്കൽ ചെയ്യാം.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. രണ്ട് ഗ്രീൻ ടീ ബാഗുകൾ വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ചതിന് ശേഷം ഷാംപൂ ചെയ്ത മുടിയിൽ ഒഴിച്ച് 15 മിനിറ്റിന് ശേഷം കഴുകുന്നത് മുടിവളർച്ചയ്ക്ക് സഹായകരമാണ്.
ശരിയായ ഭക്ഷണക്രമം, വ്യായാമം, മാനസിക സമ്മർദ്ദ നിയന്ത്രണം എന്നിവയും മുടിയുടെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
















© Copyright 2025. All Rights Reserved