
ലോകമെമ്പാടും ഇന്ന് അന്താരാഷ്ട്ര തപാൽ ദിനമായി വളരെ വിപുലമായി ആചരിക്കുകയാണ്. ആയിരത്തി എണ്ണൂറ്റി എഴുപത്തിനാല് ഒക്ടോബർ ഒൻപതിന് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 'ഒരു തപാൽ ശൃംഖല, അനന്തമായ സാധ്യതകൾ' എന്നതാണ് ഈ വർഷത്തെ തപാൽ ദിനത്തിന്റെ പ്രധാന സന്ദേശം. കേവലം കത്തുകൾ കൈമാറുക എന്നതിലുപരി ഇന്ന് തപാൽ ശൃംഖല ചെയ്യുന്ന വലിയ സേവനങ്ങളെ ഈ ദിനം ലോകത്തിന് മുന്നിൽ എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമായി ഇന്ന് ആറ് ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളും നാലര ദശലക്ഷത്തോളം തപാൽ ജീവനക്കാരുമാണ് പ്രവർത്തിക്കുന്നത്. ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും അവശ്യ സേവനങ്ങൾ എത്തിക്കുന്നതിലും ഈ ശൃംഖല വലിയ പങ്കാണ് വഹിക്കുന്നത്. ഡിജിറ്റൽ യുഗത്തിലും ബാങ്കിംഗ് സേവനങ്ങൾ, ആരോഗ്യ പരിരക്ഷ, ബിസിനസ്സ് തുടങ്ങിയവ സാധാരണക്കാരിലേക്ക് എത്തിക്കാൻ പോസ്റ്റ് ഓഫീസുകൾ സഹായിക്കുന്നു. ചെറുകിട വ്യവസായികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കാനുള്ള ഏറ്റവും വലിയ ഇടനിലക്കാരായി തപാൽ വകുപ്പ് ഇന്ന് മാറിയിട്ടുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് പുറംലോകവുമായുള്ള ഏറ്റവും വലിയ സമ്പർക്ക മാധ്യമം പലപ്പോഴും തപാൽ ജീവനക്കാരാണ്. ലോകരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും പഴയതും മികച്ചതുമായ ഉദാഹരണമാണ് ആഗോള തപാൽ സംവിധാനമെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു. പ്രകൃതി ദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോഴും വാർത്താവിനിമയവും അവശ്യസാധനങ്ങളുടെ വിതരണവും ഉറപ്പാക്കാൻ തപാൽ ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു. ഈ സേവനങ്ങളെ മുൻനിർത്തി ലോകമെമ്പാടുമുള്ള എല്ലാ തപാൽ ജീവനക്കാരെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയിലും പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പരിപാടികളും മികച്ച ജീവനക്കാരെ ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. തപാൽ വകുപ്പിന്റെ പുതിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനും ഇന്നത്തെ ദിവസം പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തപാൽ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ജനങ്ങൾക്ക് നൽകാൻ ഗവൺമെന്റുകൾക്ക് കഴിയണം. മനുഷ്യബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ തപാൽ വകുപ്പിനുള്ള പങ്ക് എന്നും പ്രസക്തമായിരിക്കുമെന്ന് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു.
















© Copyright 2025. All Rights Reserved