
ഇസ്രയേലിൽ മിന്നലാക്രമണം നടത്തിയ ഹമാസ് കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെമന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പിഞ്ചുകുഞ്ഞുങ്ങളോട് കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസാണ് എക്സ് പ്ലാറ്റ് ഫോമിലൂടെ പുറത്തു വിട്ടത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങൾ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രക്തത്തിൽ കുതിർന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രങ്ങളാണിത്. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്‍റെ ചിത്രങ്ങൾ താൻ കണ്ടുവെന്നും യുഎസ് പ്രസിഡന്‍റ് ജോ-ബൈഡൻ വെളിപ്പെടുത്തിയിരുന്നു.
ഇസ്രയേൽ- ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിച്ചിരുന്നു. അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരെ മോചിപ്പിക്കാൻ യുഎസിന്‍റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ സഹായിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു.
















© Copyright 2025. All Rights Reserved