
എൻഎച്ച്എസിലെ സ്ത്രീകളുടെ വാർഡിൽ ട്രാൻസ് വിമൺ വിഭാഗത്തിൽ പെട്ടവർ ജോലിയെടുക്കുന്നത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇത് പ്രകാരം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സിംഗിൾ-സെക്‌സ് ഹോസ്പിറ്റൽ വാർഡുകളിൽ സേവനം ചെയ്യുന്നത് വിലക്കാൻ പോവുകയാണെന്നും എൻഎച്ച്എസിൽ സാമാന്യബുദ്ധി പുനസ്ഥാപിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണീ നീക്കമെന്നുമാണ് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറയുന്നത്.
കൺസർവേറ്റീവ് പാർട്ടി കോൺഗ്രസിൽ സംസാരിക്കവേയാണ് ബാർക്ലേ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021ൽ പുറത്തിറക്കിയ എൻഎച്ച്എസ് ഗൈഡൻസ് പ്രകാരം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്ന ജീവനക്കാരെ അവർ വെളിപ്പെടുത്തുന്ന ജെൻഡറിന്റെ അടിസ്ഥാനത്തിൽ അതിനനുസരിച്ചുള്ള വാർഡുകളിൽ ജോലിക്ക് നിയോഗിക്കാവുന്നതാണ്. എൻഎച്ച്എസിൽ ചികിത്സക്കെത്തുന്ന എല്ലാ രോഗികൾക്കും ആദരവ്, സുരക്ഷ,സ്വകാര്യത, തുടങ്ങിയവ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ അഴിച്ച് പണിക്ക് താൻ ഒരുങ്ങുന്നതെന്നാണ് ബാർക്ലേ പറയുന്നത്.
ഇതിന് പുറമെ ഇതിലൂടെ എൻഎച്ച്എസ് വാർഡുകളിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പുതിയ നീക്കങ്ങളുടെ ഭാഗമായി എൻഎച്ച്എസിന്റെ സെർവിക്കൽ, ഓവേറിയൻ,കാൻസർ അഡൈ്വസ് പേജുകളിലും മെനോപോസ് അഡൈ്വസ് പേജിലും ജെൻഡർ വ്യക്തമാക്കുന്നതിനുള്ള സൗകര്യം പുനസ്ഥാപിക്കുമെന്നും ബാർക്ലേ വെളിപ്പെടുത്തുന്നു. സെക്‌സ്, ഈക്വാലിറ്റി പ്രശ്‌നങ്ങളിൽ സാമാന്യബുദ്ധിയോട് കൂടിയുള്ള സമീപനം ആവശ്യമാണെന്നാണ് ഹെൽത്ത് സെക്രട്ടറി പറയുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം ആവർത്തിക്കുന്നു.
എന്നാൽ ഹെൽത്ത് സെക്രട്ടറിയുടെ പുതിയ തീരുമാനം നിരാശാജനകമാണെന്നാണ് ട്രാൻസ്-ലെഡ് ജെൻഡേർഡ് ഇന്റലിജൻസ് ചാരിറ്റിയുടെ വക്താവായ ക്ലിയോ മെയ്ഡ്‌ലെയ്ൻ പറയുന്നത്. എൻഎച്ച്എസിൽ നിലവിൽ ഇതിനായുളള സംവിധാനം സാമാന്യബുദ്ധിക്ക് നിരക്കുന്നതാണെന്നും നിലവിലെ സിസ്റ്റത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മെയ്ഡ്‌ലെയ്ൻ എടുത്ത് കാട്ടുന്നു. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവർ സിംഗിൾ സെക്‌സ് വാർഡുകളിൽ ജോലി ചെയ്യുന്നതിലൂടെ പരാതികളും പ്രശ്‌നങ്ങളുമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവരെ ഇത്തരം വാർഡുകളിൽ നിരോധിക്കുന്നത് അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും മെയ്ഡ്‌ലെയ്ൻ ആരോപിക്കുന്നു.
















© Copyright 2025. All Rights Reserved