ബോളിവുഡിൽ രക്ഷകന്റെ പരിവേഷമാണ് ഇപ്പോൾ ഷാരൂഖ് ഖാന്. താരപരിവേഷത്തിൽ മുൻപും അദ്ദേഹത്തിന് മുന്നിൽ എതിരാളികൾ കുറവായിരുന്നു. പക്ഷേ വൻ ഹിറ്റുകൾ ഒഴിഞ്ഞുനിന്ന ഒരു കാലത്ത് തുടർച്ചയായ രണ്ട് 1000 കോടി വിജയങ്ങൾ നൽകിയത് എസ്ആർകെ എന്ന ബ്രാൻഡിനെ ബോളിവുഡിൽ മറ്റേത് കാലത്തേതിനേക്കാൾ കാലികം ആക്കിയിരിക്കുകയാണ്. ഒരേ വർഷമെത്തിയ രണ്ട് ചിത്രങ്ങളും വമ്പൻ വിജയം. രണ്ടാമത്തെ ചിത്രത്തിലൂടെ സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ആഗോള ബോക്സ് ഓഫീസ് ഗ്രോസിലാണ് ജവാൻ പഠാനെ പിന്നിലാക്കിയിരിക്കുന്നത്. സെപ്റ്റംബർ 7 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഒക്ടോബർ 1 വരെയുള്ള കണക്കനുസരിച്ച് 1082.52 കോടി നേടിയതായി നിർമ്മാതാക്കളായ റെഡ് ചില്ലീസ് തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം 1100 എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണെന്നാണ് പ്രമുഖ ട്രാക്കർമാർ അറിയിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ജവാൻ. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഠാനെ മറികടന്നാണ് ഈ നേട്ടം. 1050 കോടി ആയിരുന്നു പഠാന്റെ ലൈഫ് ടൈം ഗ്ലോബൽ ബോക്സ് ഓഫീസ്. അതേസമയം ഈ കളക്ഷനോടെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലേക്കും എത്തിയിട്ടുണ്ട് ജവാൻ. പഠാനോളം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നില്ല ജവാൻ. എന്നാൽ പഠാന്റെ വൻ വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാൻ ചിത്രം എന്ന നിലയിൽ ചിത്രം തിയറ്ററുകൾ നിറച്ചു. ഉത്തരേന്ത്യൻ സിംഗിൾ സ്ക്രീൻ തിയറ്ററുകൾ പഠാനും ഗദർ 2 നും ശേഷം നിറച്ച ചിത്രം കൂടിയാണ് ജവാൻ. ഒരേ വർഷം കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങൾ ഇതോടെ ഷാരൂഖ് ഖാന് സ്വന്തമായി.
© Copyright 2023. All Rights Reserved